പത്തനംതിട്ട: ഓണം- കന്നിമാസ പൂജ തിരക്കുകൾ കണക്കിലെടുത്ത് ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, ചെങ്ങന്നൂർ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടാകും.(KSRTC with special service to Sabarimala)
ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി വെള്ളിയാഴ്ച വൈകുന്നേരം 05:00 മണിക്ക് ശബരിമല തിരുനടതുറക്കുകയും അടുത്ത ശനിയാഴ്ച രാത്രി 10:00 മണിക്ക് നട അടയ്ക്കുകയും ചെയ്യും. ഇത് കണക്കിലെടുക്കാണ് പ്രത്യേക സർവീസ് ഒരുക്കുന്നത്. ഇതിന് പുറമെ പതിവ് പോലെ നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഓണക്കാലത്തും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവീസുകൾ ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സർവീസുകൾക്കെല്ലാം ടിക്കറ്റുകൾ ഓൺലൈനായി ബുക്കു ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓൺലൈൻ വെബ്സൈറ്റായ www.onlineksrtcswift.com വഴിയും ente ksrtc neo oprs എന്ന ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി പമ്പ : 0473-5203445, തിരുവനന്തപുരം : 0471-2323979, കൊട്ടാരക്കര : 0474-2452812, പത്തനംത്തിട്ട : 0468-2222366.