കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ
ചാലക്കുടി: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്തിരുന്ന വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതെ ദൂരെയ്ക്ക് കൊണ്ടുപോയതായി പരാതി.
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തിയ ബസിൽ അങ്കമാലിയിൽ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ രണ്ട് വിദ്യാർഥിനികൾക്കാണ് ദുരനുഭവം ഉണ്ടായത്.
കൊരട്ടിക്ക് സമീപമുള്ള പൊങ്ങത്ത് ബസ് നിർത്തണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് ആരോപണം.
ഇടുക്കി സ്വദേശിനിയായ ഐശ്വര്യ എസ്. നായരും പത്തനംതിട്ട സ്വദേശിനിയായ ആൽഫ പി. ജോർജും പഠന ആവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുന്നതിനിടെയാണ് ബസിൽ കയറിയത്.
രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്ത് എത്തിയപ്പോൾ ഇവിടെ ഇറങ്ങണമെന്ന് വിദ്യാർഥിനികൾ ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതോടെ കുട്ടികൾ മാനസികമായി തകർന്നതായി സഹയാത്രികർ പറഞ്ഞു.
യാത്രക്കാർ ഇടപെട്ട് വിദ്യാർഥിനികളാണെന്ന നിലയിൽ മാനുഷിക പരിഗണന കാണിച്ച് ബസ് നിർത്തി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും കൂട്ടാക്കിയില്ല.
തുടർന്ന് യാത്രക്കാർ കൊരട്ടി പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാൽ തിരികെ പോകാനുള്ള വഴി അറിയില്ലെന്ന് കുട്ടികൾ വ്യക്തമാക്കി.
ഒടുവിൽ ഇവരെ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഇറക്കിയത്.
രാത്രിയാത്ര നടത്തിയ വിദ്യാർഥിനികളോടുള്ള അനാസ്ഥയിൽ സഹയാത്രികർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
English Summary
Two female students alleged harassment after a KSRTC Super Fast bus failed to drop them at their requested stop near Koratty during a night journey. Despite repeated requests and intervention by co-passengers, the driver and conductor refused to stop, eventually dropping them at Chalakudy bus stand. The incident triggered protests from fellow passengers over the lack of humane treatment.
ksrtc-super-fast-bus-night-journey-students-not-dropped-chalakudy
KSRTC, Chalakudy, Bus Incident, Women Safety, Night Travel, Student Complaint, Kerala Transport









