പെന്‍ഷന്‍ വിതരണത്തിലും ശമ്പളക്കാര്യത്തിലും താളംതെറ്റി കെഎസ്ആര്‍ടിസി. മുൻ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികളാണ്. ഇതിനിടെ, പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേർ ആത്മഹത്യ ചെയ്തു.KSRTC faced 15 contempt proceedings in 2 years
സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ പലിശ ഇനത്തില്‍ മാത്രം ചെലവഴിച്ചത് മുന്നൂറ് കോടിയോളം രൂപയാണ്. 2022 ആഗസ്ത് അഞ്ചിന്‍റെ ഉത്തരവ് പ്രകാരം എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് പെന്‍ഷന്‍ നല്‍കണം.
അതും കെഎസ്ആര്‍ടിസി അല്ല, സംസ്ഥാന സര്‍ക്കാര്‍ തന്നെ. ഈവിധി പാലിക്കപ്പെടാതെ പോയതോടെയാണ് പതിനഞ്ചു തവണ സര്‍ക്കാരിന് കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നത്.
നാല്‍പ്പത്തി മൂവായിരത്തിലധികം പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. പലമാസങ്ങളിലും പെൻഷൻ മുടങ്ങുന്ന അവസ്ഥയാണ്. 1984 മുതലാണ് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ തുടങ്ങിയത്. അടുത്തകാലത്തായി വിതരണം പലകുറി മുടങ്ങി.
പ്രതിമാസം 72 കോടി വരെയാണ് ഈ ഇനത്തില്‍ കണ്ടത്തേണ്ടത്. 2017 ല്‍ പ്രതിസന്ധി രൂക്ഷമായതോടെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കുകളുടെ സഹായം തേടി. മാസാദ്യം നല്‍കുന്ന പെന്‍ഷന്‍ ജീവനക്കാര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും, ബാങ്കുകള്‍ക്കുള്ള തിരച്ചടവ് പലിശസഹിതം സര്‍ക്കാരും എന്ന വ്യവസ്ഥ വന്നു.
പ്രതിമാസം നാലരക്കോടിയിലധികം രൂപയാണ് പലിശ നല്‍കിവന്നത്. മൂന്നുമാസം സര്‍ക്കാര്‍ തിരിച്ചടവ് മുടക്കിയതോടെ രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകളും നിര്‍ത്തി. ഇതോടെ, പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായി.