തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ചകെഎസ്ആർടിസി പണിമുടക്ക് തുടങ്ങി. 12 മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.
ശമ്പളം എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അത് നടപ്പിലായിട്ടില്ല. പലപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. പ്രധാനമായും സമരം പ്രഖ്യാപിച്ചത് ഇതിനാലാണ്.
പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.
ഡയസ്നോൺ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് നേതാക്കൾ പറഞ്ഞു.
അതിനിടെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്.
എല്ലാ കെ എസ് ആർ ടി സി കന്റീനുകളും പ്രവർത്തിക്കണമെന്നും വീഴ്ച വരുത്തിയാൽ കാന്റീൻ ലൈസൻസ് റദ്ദാക്കുമെന്നും അറിയിപ്പുണ്ട്. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും തീരുമാനമുണ്ട്.