യാത്രക്കാരുടെ തമ്മിലടി; കെഎസ്ആർടിസി ബസ് പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഓടിച്ചു കയറ്റി
പത്തനംതിട്ട: യാത്രക്കാരുടെ തമ്മിലടിയെത്തുടർന്ന് കെഎസ്ആർടിസി ബസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഓടിച്ചു കയറ്റി.
തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന എരുമേലി ഡിപ്പോയുടെ ബസിലായിരുന്നു സംഭവം.
ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തർക്കം രൂക്ഷമായതോടെയാണ് ഡ്രൈവർ ബസ് നേരിട്ട് എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയത്.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബസ് പത്തനംതിട്ട ഡിപ്പോയിലെത്തിയപ്പോൾ ചില യാത്രക്കാർ ശുചിമുറിയിൽ പോകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടു.
കണ്ടക്ടർ ഇത് അനുവദിച്ചെങ്കിലും ദീർഘസമയം കഴിഞ്ഞിട്ടും സംഘം മടങ്ങിയെത്തിയില്ല. ഇതോടെ മറ്റ് യാത്രക്കാർ പ്രതിഷേധിച്ചു.
പിന്നീട് ചായ കുടിക്കാൻ പോയതായിരുന്നു വൈകാൻ കാരണമെന്ന് പറഞ്ഞ് സംഘം മടങ്ങിയെത്തി.
ഇതിനിടെ, അവർ മുമ്പ് ഇരുന്ന സീറ്റിൽ മറ്റൊരു യാത്രക്കാരൻ ഇരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി തർക്കമുണ്ടായി. ബസ് നീങ്ങിത്തുടങ്ങിയതോടെ വാക്കുതർക്കം ഉന്തുംതള്ളിലേക്കും മാറി.
കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ഡ്രൈവർ ബസ് എസ്.പി ഓഫിസ് കോംപൗണ്ടിലേക്ക് കയറ്റിയത്.
അപ്രതീക്ഷിതമായി ബസ് എത്തിയതോടെ പൊലീസുകാർ സ്ഥലത്തെത്തി.
ട്രിപ്പ് തടസപ്പെടുത്തിയാൽ നിയമനടപടിയും പിഴയും ഉണ്ടാകുമെന്ന് പൊലീസ്‌യും കണ്ടക്ടറും കർശനമായി താക്കീത് നൽകി.
ഇതോടെ തർക്കമുണ്ടാക്കിയ യാത്രക്കാർ ശാന്തരായി. തുടർന്ന് ബസ് സർവീസ് പുനരാരംഭിച്ചു.
English Summary
A KSRTC bus was driven into the Pathanamthitta District Police Chief’s office premises after a dispute broke out between passengers. The argument escalated into pushing and shoving over delays and seating issues. Police intervention and strict warnings helped restore calm, after which the bus resumed its journey.
ksrtc-bus-driven-to-sp-office-after-passenger-clash-pathanamthitta
KSRTC, Pathanamthitta, passenger clash, bus incident, police intervention, Kerala news









