പരിഭ്രാന്തി പരത്തി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചു. അപകടം ഒഴിവായത് എതിരെ വന്ന യാത്രക്കാരുടെ കരുതൽ മൂലം. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്.(KSRTC bus caught fire in Guruvayur, accident averted due to timely intervention of passenger)
മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി.
ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും നാട്ടുകാർ സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു. തീ പിടിച്ചത് എങ്ങിനെയെന്ന് അറിവായിട്ടില്ല.