ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ പെട്ടു പോയത് 41 പേർ
തിരുവനന്തപുരം: കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും ഗുരുതരമായ ക്രമക്കേടുകളും കണ്ടെത്തി.
കരാറുകാരിൽ നിന്ന് കമ്മിഷൻ കൈപ്പറ്റി പ്രവൃത്തികൾ പരിശോധനയില്ലാതെ ബിൽ മാറി നൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിയതെന്ന് വിജിലൻസ് അറിയിച്ചു.
വിവിധ സെക്ഷൻ ഓഫിസുകളിലെ 41 ഉദ്യോഗസ്ഥർ പല കരാറുകാരിൽ നിന്നായി 16.50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴിയിലൂടെ കൈക്കൂലിയായി കൈപ്പറ്റിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ കരാർ പ്രവൃത്തികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കെഎസ്ഇബിയിലെ ഭൂരിഭാഗം ഓഫിസുകളിലും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാറുകൾ നൽകുന്നതെന്ന് വിജിലൻസ് കണ്ടെത്തി.
ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ പ്രവൃത്തികളെ ചെറുതായി വിഭജിച്ച് ക്വട്ടേഷൻ ക്ഷണിച്ച് നടപ്പാക്കുന്ന രീതിയും വ്യാപകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരേ കരാറുകാരന് തന്നെ വർഷങ്ങളായി വിവിധ പ്രവൃത്തികൾ നൽകിയതായും, കരാർ അടിസ്ഥാനത്തിൽ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും ക്രമക്കേടുകൾ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കരാർ പ്രവൃത്തികളുമായി ബന്ധപ്പെട്ട ഫയലുകൾ പല ഓഫിസുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ല. സ്‌ക്രാപ്പ് രജിസ്റ്റർ, ലോഗ് ബുക്ക്, വർക്ക് രജിസ്റ്റർ തുടങ്ങിയ നിർബന്ധിത രേഖകൾ അപൂർണമായോ രേഖപ്പെടുത്താതെയോ സൂക്ഷിച്ചിരിക്കുന്നതായും പരിശോധനയിൽ വ്യക്തമായി.
വർക്കലയിൽ ഒരു സബ് എൻജിനീയർ കരാറുകാരനിൽ നിന്ന് ഗൂഗിൾ പേ വഴി 55,200 രൂപയും മറ്റൊരാൾ 38,000 രൂപയും കൈപ്പറ്റി. കോട്ടയത്ത് സബ് എൻജിനീയർ 1,83,000 രൂപയും ഓവർസീയർ 18,550 രൂപയും വാങ്ങിയതായി കണ്ടെത്തി.
കട്ടപ്പന സെക്ഷൻ ഓഫിസിൽ അസിസ്റ്റന്റ് എൻജിനീയർ 2,35,700 രൂപ കൈപ്പറ്റിയതായും, അതേ ഓഫിസിലെ നാല് ഉദ്യോഗസ്ഥർ ചേർന്ന് 1,86,000 രൂപ കരാറുകാർക്ക് അയച്ചതായും വിജിലൻസ് കണ്ടെത്തി.
ബെനാമി കരാറുകാരെ മുന്നിൽ നിർത്തി ഉദ്യോഗസ്ഥർ തന്നെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുകയാണോയെന്നതടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിച്ചുവരികയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെഎസ്ഇബിയിൽ വൻതോതിലുള്ള കൈക്കൂലി ഇടപാടുകളാണ് നടന്നിരിക്കുന്നതെന്ന് വിജിലൻസ് വ്യക്തമാക്കി.
English Summary
Vigilance raids at KSEB offices across Kerala uncovered large-scale corruption and procedural violations. Under “Operation Short Circuit,” officials found that 41 employees allegedly received ₹16.5 lakh in bribes from contractors over the past five years, often clearing bills without inspections. Investigations revealed misuse of tender rules, repeated contracts to the same contractors, poor record-keeping, and suspected benami operations.
kseb-vigilance-raid-operation-short-circuit-corruption
KSEB, Vigilance raid, Operation Short Circuit, corruption, bribery, Kerala news, power sector, government offices









