യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ ഹോട്ടൽ ഉടമയായ ദേവദാസ് ആണ് പിടിയിലായത്. കുന്നംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.(Kozhikode rape attempt; hotel owner arrested)
കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്.
അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും അതിക്രമിച്ചു കയറി പീഡന ശ്രമം നടത്തിയത്.