കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക ശ്വസിച്ചുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്റെ മരണത്തിൽ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തത്.
അപകടം സംഭവിച്ചതിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് ഗോപാലന്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗോപാലന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.
അതിനിടെ മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണം പുക ഉയര്‍ന്നതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയാണെന്ന് ബന്ധു ആരോപിച്ചിരുന്നു. വാതില്‍ ചവിട്ടി പൊളിച്ചാണ് ഉളളില്‍ കയറിയതെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ബന്ധു വ്യക്തമാക്കി.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30 ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. നസീറ, കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാള്‍ സ്വദേശി ഗംഗ എന്നിവരാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.