നടുറോഡിൽ ബൈക്ക് നിർത്തി വടിവാൾ വീശി; ഇടിച്ച് തെറിപ്പിച്ച് കാർ മുന്നോട്ട്
കോഴിക്കോട് ∙ കൂളിമാടിന് സമീപം പാഴൂർ–മുന്നൂർ ഭാഗത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ദുരൂഹത.
അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബൈക്കിലെത്തിയവർ കാറിന് നേരെ വടിവാൾ വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം അപകടമല്ല, പക തീർക്കലിന്റെ ഭാഗമാണെന്ന സംശയം ശക്തമായി.
ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ സമീപത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം.
എന്നാൽ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി.
കാർ ഇടിക്കുന്നതിന് മുൻപ് ബൈക്കിലെത്തിയവർ കാറിന് നേരെ വടിവാൾ വീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതോടെ സംഭവം അപകടമല്ലെന്നും പ്രതികാര ആക്രമണമാണെന്നും വ്യക്തമാകുന്ന സാഹചര്യമാണ്.
പൊലീസ് പറയുന്നതനുസരിച്ച് ഇന്ന് രാവിലെ ഒൻപതോടെ കറുത്തേടത്ത് തൻസീഫ് എന്നയാളെ അയൽക്കാരനായ ഇർഫാൻ മർദിച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
പരിക്കേറ്റ തൻസീഫിനെ അമ്മയും സഹോദരങ്ങളും ചേർന്ന് മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിന്ന് സഹോദരങ്ങൾ മടങ്ങിവരുന്നതിനിടെ ഇർഫാന്റെ കാർ വരുന്നത് കണ്ടതോടെ ബൈക്ക് റോഡിന്റെ മധ്യത്തിൽ നിർത്തി വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. തുടർന്നാണ് കാർ ഇടിച്ച് ബൈക്ക് തെറിപ്പിച്ചതെന്നാണ് സംശയം.
മാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കേസിന്റെ യഥാർത്ഥ സാഹചര്യം സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary
A road accident reported near Koolimad in Kozhikode has turned suspicious after CCTV footage showed bike riders allegedly swinging a machete at a car moments before the crash. Police suspect the incident was linked to a revenge attack stemming from a financial dispute and an earlier assault. Mavoor police have launched an investigation.
kozhikode-koolimad-crash-cctv-sword-attack-revenge-angle
Kozhikode, Koolimad, Pazhoor, Munnoor, CCTV Footage, Road Accident, Revenge Attack, Mavoor Police, Sword Attack, Kerala Crime News









