കോഴിക്കോട്: പയ്യോളിയിലാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനമെറ്റത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു.
രണ്ടാഴ്ച മുൻപ് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രണ്ട് സ്കൂളിലെയും വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായതായാണ് വിവരം. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.
തലക്ക് മർദനമേറ്റതായി കുട്ടി വീട്ടിൽ പറഞ്ഞിരുന്നു, പിറ്റേദിവസത്തേക്ക് ചെവി അടഞ്ഞതിനു പിന്നാലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് കർണപുടം തകർന്നതായി കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽനിന്ന് പരാതിപ്പെട്ടെങ്കിലും ആദ്യം കേസെടുത്തില്ല. പിന്നീട് ഇവർ നേരിട്ട് എസ്.പി ഓഫിസിൽ എത്തിയതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ആരോപണ വിധേയരായ വിദ്യാർഥികളുടെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പൊലീസ് കേസുണ്ടെങ്കിലും ഇവർക്കെതിരെ സ്കൂളിൽ പരാതി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ വിശദമാക്കി.