കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നേരത്തേ കുറവങ്ങാട് സ്വദേശികളായ അമ്മുക്കുട്ടി, ലീല എന്നിവര്‍ മരിച്ചിരുന്നു. പിന്നാലെ വടക്കയില്‍ രാജന്‍ എന്നയാളും മരണത്തിന് കീഴടങ്ങി. പരിക്കേറ്റ താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ആണ് വിവരം.
ബീന (51), കല്യാണി (68), കുട്ടിയമ്മ, വത്സല(63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവദി(68), വസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത്ത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. കരിമരുന്ന് പ്രയോഗം നടന്നതിനിടെ പീതാംബരൻ എന്ന ആന ഗോകുൽ എന്ന ആനയെ കുത്തുകയും രണ്ട് ആനകളും കൊമ്പ് കോർക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു. സംഭവമറിഞ്ഞ് ഭയന്നോടിയാണ് ആളുകൾ അപകടത്തിൽപ്പെട്ടത്.