കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി മൂന്നുവർഷം പൂർത്തിയാക്കി.കിഴക്കൻ മേഖലയിൽ ആദ്യമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം പരിപാടിക്ക് തുടക്കമിട്ടത് ഇവിടെയാണ്.
2022 ഏപ്രിൽ 10-ന് അഞ്ചുരുളിയിലേക്കായിരുന്നു ആദ്യ വിനോദയാത്ര. അഡ്വ. അനൂപ് ജേക്കബ് എംഎൽഎയാണ് ആദ്യ യാത്രക്ക് പച്ചക്കൊടി വീശിയത്.
2025 ഏപ്രിൽ 10-ന് മൂന്നുവർഷം പൂർത്തിയാക്കുമ്പോൾ 337 യാത്രകളിലായി 15,000 പേരാണ് കൂത്താട്ടുകുളത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി വിനോദയാത്ര നടത്തിയത്. മധ്യവേനലവധിക്കാലത്തെ യാത്രകൾക്ക് നൂറുകണക്കിനാളുകളാണ് ക്യൂവിലുള്ളത്.
നാലാംവർഷത്തിലേക്ക് കടക്കുമ്പോൾ ആഘോഷത്തിനായി വിവിധ ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി പ്ലാൻ ചെയ്തിട്ടുണ്ട്. ഈസ്റ്റർ ആഘോഷത്തിനായി ഏപ്രിൽ 25-ന് കപ്പൽയാത്രയും ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 18, 27 തീയതികളിൽ മലയാറ്റൂർ കുരിശുമലയാത്രയും മേയ് മാസത്തിൽ ആറ്റുകാൽ-ആഴിമല, കൊട്ടിയൂർ തീർഥാടന യാത്രകളും ക്രമീകരിച്ചിട്ടുണ്ട്.
മേയ് രണ്ടിന് വയനാട് യാത്ര, മലമ്പുഴ, ചതുരംഗപ്പാറ, മാമലകണ്ടം, മലക്കപ്പാറ, വട്ടവട, രാമക്കൽമേട്, മറയൂർ, കോവളം, ഇല്ലിക്കകല്ല്, ഇലവീഴാപൂഞ്ചിറ, ഗവി, സൈലന്റ്‌വാലി, പൊന്മുടി, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും, കൂടാതെ ഹൗസ് ബോട്ട് ടൂറിസം, സീ അഷ്‌ടമുടി യാത്ര എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
എടിഒ എ.ടി. ഷിബു, കൺട്രോളിങ് ഇൻസ്പെക്ടർ കെ.ആർ. രോഹിണി, ജില്ലാ കോഡിനേറ്റർ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോഡിനേറ്റർ സി.എസ്. രാജീവ് കുമാർ, അസിസ്റ്റന്റ് കോഡിനേറ്റർമാരായ കെ. സുജിത്, നിഷു സോമൻ എന്നിവരാണ് ഇപ്പോൾ ബജറ്റ് ടൂറിസത്തിന് നേതൃത്വം നൽകുന്നത്. ഫോൺ: 94974 15696, 94978 83291.