തിരുവനന്തപുരം: കൊല്ലം – എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.(Kollam – Ernakulam memu service to continue on saturdays too)
എന്നാൽ സർവീസ് ആറ് ദിവസമായി ഉയർത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. പുനലൂർ – എറണാകുളം മെമു റാക്ക് റെയിൽവേ ബോർഡ് അനുവദിക്കുന്നതുവരെ നിലവിലെ സർവീസ് തുടരും. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ മെമു ട്രെയിനിന് അധിക സ്റ്റോപ്പും അനുവദിക്കും.
പാലരുവി-വേണാട് എന്നീ ട്രെയിനുകളിലെ ദുരിത യാത്ര സംബന്ധിച്ച് നിരവധി വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തു വന്നുകൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് മെമു ട്രെയിൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. എട്ട് കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്.