കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിൽ നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.(Kollam Collectorate Bomb Blast Case; verdict)
നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയാണ് ഇന്ന് പറയുക. കേസിൽ നാലാം പ്രതി കുൽകുമാര തെരുവിൽ ഷംസുദ്ദീനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2016 ജൂൺ 15നായിരുന്നു സംഭവം. മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവെച്ചാണ് സ്‌ഫോടനം നടത്തിയത്. കേസിൽ എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയിൽ അപേക്ഷിച്ചത്.