കോലഞ്ചേരി: ഡെങ്കിപ്പനിയില്‍ അപൂര്‍വമായ പ്രതിഭാസം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്. Kolanchery Medical College has discovered a rare phenomenon in dengue fever
രക്താര്‍ബുദം, മറ്റു പലതരം അര്‍ബുദങ്ങളിലും കാണാറുള്ളതും എന്നാല്‍ ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വമായി കാണാറുള്ളതുമായ പ്രതിഭാസമാണ് 20 വയസുള്ള രോഗിയില്‍ കാണാനിടയായത്.
തക്ക സമയത്ത് രോഗത്തെ മനസിലാക്കാന്‍ സാധിച്ചതിനാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി. ഒരു ആഴ്ചയായുള്ള പനിയും പേശി വേദനയുമായിട്ടാണ് രോഗി ആശുപത്രിയില്‍ പ്രവേശിച്ചത്.
സാധാരണ ഗതിയില്‍ ഒരാഴ്ച്ചയ്ക്കപ്പുറം ഡെങ്കിപ്പനിയില്‍ പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പനി കഠിനമായി തുടര്‍ന്നതിനാല്‍ മറ്റ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും പല അവയവങ്ങളേയും ഒരേ സമയത്ത് ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട് രോഗിക്ക് ഉള്ളതായി കണ്ടെത്തുകയുമുണ്ടായി.
തുടര്‍ന്നുള്ള പരിശോധനകളില്‍ നിന്നാണ് രോഗിയ്ക്ക് എച്ച്എല്‍എച്ച് സിന്‍ഡ്രോം ഹീമോഫാഗോസൈറ്റിക്ലിം ഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്എല്‍എച്ച്) എന്ന അപൂര്‍വതകളില്‍ അപൂര്‍വമായ ഡെങ്കിപ്പനിയുടെ ഒരു രോഗാവസ്ഥയാണ് സംശയിക്കപ്പെട്ടത്.
തുടര്‍ന്ന് മജ്ജ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കുകയും പ്രസ്തുത സങ്കീര്‍ണത എച്ച്എല്‍എച്ച് സിന്‍ഡ്രോം ആണെന്ന് സ്ഥീതികരിക്കുകയും ചെയ്തു.
100 ശതമാനം മരണം സംഭവിച്ചേക്കാവുന്ന രോഗാവസ്ഥ തക്കസമയത്ത് നിര്‍ണയിക്കപ്പെട്ട് ചികിത്സ ആരംഭിച്ചതിനാല്‍ രോഗി അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. രോഗാവസ്ഥയ്ക്ക് ആദ്യ പടിയായി കൊടുക്കുന്ന മരുന്ന് പ്രതികരിച്ചില്ലെങ്കില്‍ അടുത്തതായി ഇമ്യൂണോഗ്ലോബുലിന്‍ എന്ന വിലയേറിയ മരുന്ന് കൊടുക്കുവാനായി തീരുമാനിച്ചിരുന്നു.
എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് രണ്ടര ലക്ഷത്തോളം വിലവരുന്ന ഈ മരുന്ന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വിലയേറിയ മരുന്നായ ഇമ്യൂണോഗ്ലോബുലിന്റെ ആവശ്യകത വരുന്ന പക്ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സര്‍ക്കാരിന്റെ സഹായം ഉറപ്പ് നല്‍കിയിരുന്നു.
ഈ മരുന്നും ആവശ്യമുള്ള മറ്റ് എല്ലാ സഹകരണവും മന്ത്രി ഇടപ്പെട്ട് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സജീകരിക്കുകയുണ്ടായി. എന്നാല്‍ ആദ്യ പടിയായി കൊടുത്ത മരുന്നിനോടുതന്നെ രോഗി തൃപ്തികരമായി പ്രതികരിച്ചതിനാല്‍ ഇമ്യൂണോഗ്ലോമ്പൂലിന്റെ ആവശ്യം വന്നില്ല.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം പ്രഫസറും മേധാവിയുമായ ഡോക്ടര്‍ ഏബ്രഹാം ഇട്ടിയച്ചന്റെ കീഴിലാണ് രോഗം നിര്‍ണയിക്കപ്പെടുകയും ചികിത്സിക്കുകയുമുണ്ടായത്. ചികിത്സ സംഘത്തില്‍ ശില്‍പാ പോള്‍, എല്‍ദോസ് സ്‌ക്കറിയ, മിന്റു ജോണ്‍, അജു സജീവ്, സന്ദീപ് അലക്സ്, ജാസ്മിന്‍ ജവഹര്‍, എസ്. സുനീഷ്, ബിന്ദു മേരി ബോസ് എന്നിവര്‍ പ്രധാന പങ്കുവഹിച്ചു.”