മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടി കടന്നതായി റിപ്പോര്‍ട്ട്. സ്റ്റോക് ഗ്രോ പുറത്തുവിട്ട കണക്കു പ്രകാരം കോലിയുടെ സ്വത്തിന്റെ മൂല്യം 1050 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണു കോലി. ബിസിസിഐയുടെ വാര്‍ഷിക ശമ്പളമായി കോലിക്കു കിട്ടുന്നത് ഏഴു കോടി രൂപയാണ്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരു സീസണിന് 15 കോടി നല്‍കും. ഇതിനു പുറമേ കളിക്കുന്ന ഓരോ മത്സരങ്ങള്‍ക്കും മാച്ച് ഫീസ് വേറെ ലഭിക്കും. സൂപ്പര്‍ താരത്തെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 250 ദശലക്ഷത്തിലേറെ പേര്‍ പിന്തുടരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കോലിയുടെ ഒരു പോസ്റ്റിന്റെ വില 8.90 കോടി രൂപയാണ്. ഒരു ട്വീറ്റിന് 2.50 കോടിയും കോലി വാങ്ങുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപങ്ങളുള്ളതിനു പുറമേ, ഇന്ത്യന്‍ താരത്തിനു സ്വന്തമായി ബിസിനസുകളുമുണ്ട്. എട്ട് സ്റ്റാര്‍ട്ടപ്പുകളിലാണ് കോലി നിക്ഷേപം നടത്തിയിട്ടുള്ളത്. പതിനെട്ടിലേറെ ബ്രാന്‍ഡുകളുമായി താരം സഹകരിക്കുന്നുണ്ട്. ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ക്കായി ഒരു ദിവസത്തിന് 7.5 കോടി മുതല്‍ 10 കോടി രൂപവരെ കോലിക്കു നല്‍കണം. കോലിക്കു രണ്ടു വീടുകളാണുള്ളത്. ഒന്ന് മുംബൈയിലും മറ്റൊന്ന് ഗുരുഗ്രാമിലും. ഇതിന്റെ മൂല്യം 100 കോടിക്കു മുകളിലാണ്.
ഒരു ടെസ്റ്റ് മത്സരത്തിന് കോലിക്കുള്ള ഫീസ് 15 ലക്ഷം രൂപയാണ്. ഏകദിനത്തില്‍ ആറും ട്വന്റി20യില്‍ മൂന്നു ലക്ഷം രൂപയും കിട്ടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവ ടീമില്‍ പങ്കാളിത്തമുണ്ട്. ഇതിനു പുറമേ ടെന്നിസിലും ഗുസ്തിയിലും കോലിക്ക് ടീമുകളുണ്ട്. 31 കോടിയോളം മൂല്യമുള്ള ആഡംബര കാറുകളുടെ ശേഖരമാണ് താരത്തിനുള്ളത്.