ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സന്ദര്‍ശനം ജൂണ്‍ 21 മുതല്‍ 24 വരെ. ജൂണ്‍ 20ന് ന്യൂയോര്‍ക്കിലെത്തുന്ന മോദിയെ ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ സംഘം സ്വീകരിക്കും. ജൂണ്‍ 21ന് യുഎന്‍ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടന്‍ ഡിസിയിലേക്ക് യാത്ര ചെയ്യും.
ജൂണ്‍ 22ന് മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും വൈറ്റ് ഹൗസില്‍ ഔദ്യോഗിക അത്താഴവിരുന്ന് നല്‍കും. അന്നുതന്നെയായിരുന്നു യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി രണ്ടാംവട്ടവും അഭിസംബോധന ചെയ്യുക. 2016ല്‍ ഒബാമ ഭരണകൂടത്തിന്റെ സമയത്തും മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.
ജൂണ്‍ 23ന് വാഷിങ്ടന്‍ ഡിസിയിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വളര്‍ച്ചയില്‍ വിദേശത്തെ ഇന്ത്യക്കാര്‍ക്കുള്ള പങ്ക് എന്നതാണ് പരിപാടിയുടെ അജന്‍ഡ. പ്രാദേശിക സമയം രാത്രി ഏഴു മുതല്‍ ഒന്‍പതു വരെയാണ് മോദിയുടെ പരിപാടി. ആയിരത്തോളം പേര്‍ക്കാണ് ക്ഷണം. യുഎസ് ഇന്ത്യന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയില്‍ രാജ്യാന്തര ഗായിക മേരി മില്‍ബെന്റെ പ്രകടനവും ഉണ്ടാകും. ജൂണ്‍ 21ന് യുഎന്‍ ആസ്ഥാനത്ത് നടത്തുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിലും മോദിക്കൊപ്പം മില്‍ബെന്‍ പങ്കെടുക്കും.
23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും. 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലെത്തിയതുമുതല്‍ ഇതുവരെ ആറു തവണ മോദി യുഎസ് സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജോ ബൈഡന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസില്‍നിന്നു യാത്രതിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദെല്‍ ഫത്തേ എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്.