ചെന്നൈ: രാജ്യാന്തര കരിയറില്‍ പ്രതിസന്ധിഘട്ടത്തിലൂടെ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ കടന്നുപോകുന്നത്. ടെസ്റ്റ് ബോളര്‍മാരുടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാന്‍ അശ്വിനു സാധിച്ചില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനെ ഇത് ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തെ കൂടാതെ സൂഹൃത്തുക്കളുടെ പിന്തുണയും താരങ്ങള്‍ക്ക് ആവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സങ്കടകരമായ യാഥാര്‍ഥ്യം അശ്വിന്‍ വെളിപ്പെടുത്തിയത്.
ഓവലില്‍ നടന്ന ഫൈനലില്‍ പേസര്‍ ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതോടയാണ് അശ്വിനു സ്ഥാനം നഷ്ടമായത്. ഈ തീരുമാനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ വിമര്‍ശനം നേരിടേണ്ടി വന്നു. ഫൈനലില്‍ ഓസീസിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. ടീമില്‍നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഹതാരങ്ങളുമായി സംസാരിച്ചിരുന്നോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് അശ്വിന്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ഇത് ആഴത്തിലുള്ള വിഷയമാണെന്നായിരുന്നു അശ്വിന്റെ ആദ്യ പ്രതികരണം. ഓരോ സ്ഥാനത്തിനായും ടീമിനുള്ളില്‍ കടുത്ത മത്സരമാണെന്നും ‘സൗഹൃദം’ എന്ന വാക്ക് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഇപ്പോഴില്ലെന്നും അശ്വിന്‍ വിശദീകരിച്ചു. ”എല്ലാവരും സഹപ്രവര്‍ത്തകരായ ഒരു കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അവര്‍ വെറും സഹപ്രവര്‍ത്തകര്‍ മാത്രമാണ്. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിതാഴ്ത്തി സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാല്‍ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമില്ല.”- അശ്വിന്‍ പറഞ്ഞു.
താരങ്ങള്‍ പരസ്പരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നാണ് ടീമിനു നല്ലതെങ്കിലും അങ്ങനെയൊന്നും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ലെന്ന് അശ്വിന്‍ പറ?ഞ്ഞു. ടീം ഇന്ത്യയില്‍ ഇപ്പോള്‍ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ”വാസ്തവത്തില്‍, കാര്യങ്ങള്‍ പരസ്പരം പങ്കുവച്ചാല്‍ ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റൊരാളുടെ ടെക്‌നിക്കുകള്‍ ഉള്‍പ്പെടെ മനസ്സിലാക്കിയാല്‍ നമ്മള്‍ കൂടുതല്‍ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നില്ല. നിങ്ങളുടെ സഹായത്തിനായി ആരും വരില്ല. ഇതൊരു ഒറ്റപ്പെട്ട യാത്രയാണ്.” അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനു വേണ്ടി കളിക്കുകയാണ് അശ്വിന്‍