കപ്പലപകടത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിൻ ( റൂബൻ )പുത്തൻവീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ തൊഴിലാളികളാണ് അത്ഭുതകരമായി കപ്പലപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
45 പേർ പോകുന്ന പ്രത്യാശ എന്ന വള്ളം ഫോർട്ടുകൊച്ചിയിൽ നിന്നുമാണ് ബുധനാഴ്ച കടലിൽ മത്സ്യബന്ധനത്തിനായി പോയത്.
വൈകിട്ട് അഞ്ചുമണിയോടെ കൊച്ചിയിൽ നിന്നും തെക്കുപടിഞ്ഞാറ് മാറി 9.54 നോർത്തിൽ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കൽ മൈലിൽ 14 മാറിൽ ) വല കോരി നിൽക്കുന്ന സമയത്ത് അലക്ഷ്യമായി വന്ന എം.എസ്. സി. സിൽവർ 2 എന്ന കപ്പലാണ് വള്ളത്തിനടുത്തേക്ക് ഓടിയടുത്തത്.
വയർലെസ്സിലൂടെ മത്സ്യത്തൊഴിലാളികൾ സന്ദേശം കൈമാറിയെങ്കിലും കപ്പൽ ക്യാപ്റ്റൻ അത് മനസ്സിലാക്കിയില്ല.
മറ്റു വള്ളങ്ങൾ ചേർന്ന് ബഹളം വച്ചതോടെയാണ് കപ്പൽ നിർത്തിയ ശേഷം പുറകോട്ടെടുത്തത്.
ഇല്ലായിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. വള്ളത്തിന്റെ അമരം ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
എംഎസ്സി എൽസ ത്രീ എന്ന കപ്പൽ മത്സ്യബന്ധന മേഖലയിൽ മുങ്ങിയിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ.
അതിന്റെ ദുരന്തഫലം മത്സ്യത്തൊഴിലാളികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഇതേ കമ്പനിയുടെ സിൽവർ ടൂർ എന്ന കപ്പൽ വീണ്ടും കപ്പൽ ചാൽ ലംഘിച്ച് കരയിലേക്ക് അടുത്തുവന്നതാണ് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായത്.
വിഴിഞ്ഞം പോർട്ട് വന്നതോടെ എം.എസ്.സി കമ്പനിയുടെ കപ്പലുകൾ കപ്പൽ ചാലുകളിലൂടെയുള്ള സഞ്ചാരം മാറ്റി നിയമങ്ങളെല്ലാം ലംഘിച്ച് അവർക്ക് ഇഷ്ടമുള്ളത് പോലെ സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്.
ഇതിനെതിരെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും, പോർട്ട് അധികാരികളും, കോസ്റ്റൽ പോലീസും നടപടി സ്വീകരിച്ചില്ലെങ്കിൽ പോർട്ടിലെത്തുന്ന കപ്പലുകൾ മത്സ്യത്തൊഴിലാളികൾക്ക് തടയേണ്ടി വരുമെന്നും,
പ്രത്യാശ വള്ളത്തിനുണ്ടായ നഷ്ടം കപ്പൽ കമ്പനി നൽകണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (KSMTF) സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, സംസ്ഥാന സെക്രട്ടറി അബ്ദുൽ റാസിക് എന്നിവർ പറഞ്ഞു.
പ്രത്യാശ വള്ളത്തിനുണ്ടായ കേടുപാടുകൾക്ക് എം.എസ്.സി. കമ്പനി തന്നെ നഷ്ടപരിഹാരം നൽകണമെന്ന് സംഘടന ആവശ്യമുന്നയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടാത്തത് ഭാഗ്യമെങ്കിലും, ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനായി സർക്കാർ കർശനമായ ഇടപെടൽ വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കടലിൽ സുരക്ഷിത യാത്രയ്ക്കുള്ള ആവശ്യകത
മത്സ്യബന്ധനം കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന ഉപജീവന മാർഗമാണ്.
എന്നാൽ വിദേശ ചരക്കുകപ്പലുകൾ നിരന്തരം നിയമലംഘനം നടത്തുന്നതും, മത്സ്യബന്ധന മേഖലയിൽ കടന്നുകയറുന്നതും തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നും, കപ്പലുകൾ നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
സമുദ്രം അവരുടെ തൊഴിൽമേഖലയാണെങ്കിലും, വൻ ചരക്കുകപ്പലുകൾക്ക് മുൻഗണന നൽകുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്.
ഇത്തരം സാഹചര്യം നിയന്ത്രിക്കാതിരുന്നാൽ കേരള തീരദേശത്ത് വലിയ ദുരന്തങ്ങൾ ആവർത്തിക്കുമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്.
English Summary:
Fort Kochi fishing boat Prathyasha with 45 fishermen narrowly escaped a major accident after MSC Silver 2 cargo ship rushed dangerously close. Fishermen allege repeated law violations by MSC vessels near Vizhinjam port.