റൈഫി വിൻസെൻ്റ് ഗോമസ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ഹെഡ് കോച്ച്, സി എം ദീപക്ക് കോച്ചിങ് ഡയറക്ടർ
കെസിഎൽ രണ്ടാം സീസണിലേക്കുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. രഞ്ജി മുൻ താരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായ റൈഫി വിൻസെൻ്റ് ഗോമസാണ് ഹെഡ് കോച്ച്. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ടർ.
എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലകർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ടാകും.
ടീമിൻ്റെ ഹെഡ് കോച്ചായ റൈഫി വിൻസെൻ്റ് ഗോമസ് കേരളത്തിൽ നിന്നും ഐപിഎൽ കളിച്ച ആദ്യ താരങ്ങളിൽ ഒരാളാണ്. പ്രശസ്തമായ ബോർഡർ – ഗാവസ്കർ സ്കോളർഷിപ്പിന് അർഹനായ ആദ്യ കേരള താരവും റൈഫിയാണ്.
അണ്ടർ 19 തലത്തിൽ ഇന്ത്യയെയും രഞ്ജിയിൽ കേരളത്തെയും പ്രതിനിധീകരിച്ചിട്ടുള്ള റൈഫി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ അഞ്ച് സിക്സും ഒരു ഫോറും നേടിയ അപൂർവ്വ റെക്കോഡിനും ഉടമയാണ്.
പോണ്ടിച്ചേരി ടീമിൻ്റെ രഞ്ജി കോച്ചായിരുന്ന റൈഫി, രാജസ്ഥാൻ റോയൽസിൻ്റെ ഹൈ പെർഫോമൻസ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. വിജയങ്ങൾക്കൊപ്പം ടീമിൻ്റെയും താരങ്ങളുടെയും ഭാവി കൂടി മുന്നിൽക്കണ്ട് പ്രത്യേക കാഴ്ചപ്പാടോടെയുള്ള പരിശീലന രീതിയാണ് റൈഫിയുടേത്.
കഴിഞ്ഞ സീസണിൽ സെബാസ്റ്റ്യൻ ആൻ്റണിക്കൊപ്പം ടീമിൻ്റെ സഹപരിശീലകനായുണ്ടായിരുന്ന സി എം ദീപക്കാണ് ടീമിൻ്റെ കോച്ചിങ് ഡയറക്ടർ. രഞ്ജിയിൽ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററാണ് ദീപക്.
ബിസിസിഐ ലെവൽ ടു കോച്ചായ അദ്ദേഹം കേരളത്തിൻ്റെ ജൂനിയർ ടീമിൻ്റെ സെലക്ഷൻ കമ്മറ്റി ചെയർമാനും പ്രതിഭകളെ കണ്ടെത്താനുള്ള കെസിഎ സംഘത്തിലെ അംഗവുമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് അക്കാദമിയുടെ ബാറ്റിങ് കൺസൾട്ടൻ്റ് കൂടിയായിരുന്നു ദീപക്.
കേരളത്തിൻ്റെ രഞ്ജി ട്രോഫി താരവും അണ്ടർ 19 ക്യാപ്റ്റനുമായിരുന്ന സനുത് ഇബ്രാഹിം ആണ് ടീമിൻ്റെ ഫീൽഡിംഗ് കോച്ച്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അക്കാദമിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സനുത് ലോക ക്രിക്കറ്റ് ലീഗിൽ ഒമാന് വേണ്ടിയും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ബൗളിങ് കോച്ചായിരുന്ന എസ് അനീഷ് ഈ സീസണിലും അതേ സ്ഥാനത്ത് തുടരും. രഞ്ജി – ദുലീപ് ട്രോഫി താരമായിരുന്ന അനീഷ് കേരളത്തിൻ്റെ അണ്ടർ 16 ടീമിൻ്റെ ഹൈ പെർഫോമൻസ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
എ ടി രാജാമണി പ്രഭുവാണ് ടീമിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ച്. ആർ അശ്വിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധിനം ചെലുത്തിയിട്ടുള്ള രാജാമണി, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
കേരള രഞ്ജി ടീമംഗമായിരുന്ന റോബർട്ട് ഫെർണാണ്ടസ് ആണ് ടീമിൻ്റെ മെൻ്റർ. ഫിസിയോ ആയി ഉണ്ണികൃഷ്ണനും ട്രെയിനറായി ക്രിസ്റ്റഫർ ഫെർണാണ്ടസും വീഡിയോ അനലിസ്റ്റായി സജി സോമസുന്ദരവും ത്രോ ഡൗൺ സ്പെഷ്യലിസ്റ്റായി ഗബ്രിയേൽ ബെന്നും ടീമിനൊപ്പം ഉണ്ടാകും. മാത്യു ചെറിയാനാണ് ടീമിൻ്റെ മാനേജർ.
ENGLISH SUMMARY:
Kochi Blue Tigers have announced their coaching lineup for KCL Season 2. Former Ranji player and India U-19 cricketer Raiphi Vincent Gomez will lead as head coach, while ex-Ranji player C M Deepak has been appointed as coaching director.