15കാരൻ ഇന്നോവ കാറോടിച്ചുണ്ടാക്കിയ അപകടപരമ്പര
കൊച്ചി: പട്ടാപ്പകൽ റോഡിൽ അപകട പരമ്പര സൃഷ്ടിച്ച 15കാരനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കടുത്ത നടപടി തുടങ്ങി.
കാറിന്റെ രജിസ്ട്രേഷൻ (ആർസി) ഒരു വർഷത്തേക്ക് റദ്ദാക്കാനും, കുട്ടിക്ക് 25 വയസ്സ് തികയുംവരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാതിരിക്കാനുമാണ് തീരുമാനം.
കാറിടിച്ച് പരിക്കേറ്റ വയോധികയുടെ ചികിത്സാചെലവും നഷ്ടപരിഹാരവും വാഹന ഉടമയും വിദ്യാർത്ഥിയുടെ പിതാവുമായ അബ്ദുൾ റഷീദ് വഹിക്കണമെന്ന് നിർദേശം നൽകി.
എറണാകുളം വൈപ്പിൻ–മുനമ്പം സംസ്ഥാനപാതയിലായിരുന്നു സിനിമാ സ്റ്റൈൽ ഡ്രൈവിംഗും അപകട പരമ്പരയും നടന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൾ റഷീദിന്റെ മകൻ, പിതാവിന്റെ ഇന്നോവ ക്രിസ്റ്റ കാർ അറിയാതെ എടുത്ത് സഹപാഠികളോടൊപ്പം ചെറായി ബീച്ചിലേക്ക് പോയി.
മടങ്ങിവരുമ്പോൾ ചാത്തങ്ങാട് ഭാഗത്ത് ഹോണ്ടാസിറ്റി കാറിൽ ഇടിച്ചതോടെ അപകടങ്ങളുടെ പരമ്പര തുടങ്ങി.
ഭയന്ന് കാർ നിയന്ത്രണം വിട്ട് ഓടിച്ച വിദ്യാർത്ഥി തുടര്‍ന്ന് ബസിനെയും ബൈക്കിനെയും ഇടിച്ചു.
എടവനക്കാട് ബസ് സ്റ്റോപ്പിൽ കാത്തുനിന്ന 76 കാരിയായ താമരവട്ടം സ്വദേശിനി കോമളത്തെയാണ് കാർ ഇടിച്ചത്.
ഗുരുതര പരിക്കുകളോടെ അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞാറയ്ക്കൽ പൊലീസ് സ്റ്റേഷന്റെ മുന്നിൽ കാർ തടയാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി വെട്ടിച്ചുകടന്നു. പിന്നാലെ പൊലീസിന്റെ പിന്തുടരൽ.
ഒടുവിൽ ഗോശ്രീപാലം ഭാഗത്ത് 9.30ഓടെ വിദ്യാർത്ഥിയെ പിടികൂടി. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ അനുവദിച്ചതിന് പിതാവിനെതിരെ പൊലീസ് കേസ് എടുത്തു.
വിദ്യാർത്ഥിയെ രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വിട്ടയച്ചു. , “മകന് കാർ ഓടിക്കാൻ അറിയാമെന്ന് അറിയില്ലായിരുന്നു, വീട്ടിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു,” എന്നാണ് പിതാവ് പറഞ്ഞത്.
English Summary:
A 15-year-old boy who caused a series of road accidents in Kochi faces strict action from the Motor Vehicles Department and police. His car’s registration will be suspended for one year, and he will not be eligible for a driving license until he turns 25. The boy’s father, Abdul Rasheed, must bear medical expenses and compensation for the elderly woman injured in the incident. The student took his father’s Innova car without permission to visit Cherai Beach with friends, leading to multiple collisions and injuring a 76-year-old woman. Police have charged the father for allowing a minor to drive.









