കൊച്ചി: ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ആദ്യ രാഷ്ട്രീയക്കാരനല്ല അൻവർ.
ഇതിന് മുമ്പ് ഇന്ത്യയിൽ തന്നെ പലരും പയറ്റി പരാജയപ്പെടുകയും ചിലരൊക്കെ വിജയിക്കുകയും ചെയ്തതാണിത്.
കേരളത്തിൽ ക്രൗഡ് ഫണ്ടിങ്ങിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് രജ്ഞിത് ശങ്കർ സംവിധാനം ചെയ്ത് 2017 നവംബറിൽ പുറത്തിറങ്ങിയ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന മലയാള സിനിമ.
2017 മാർച്ചിൽ മണിപ്പൂരിലെ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിളയുടെ ക്രൗഡ് ഫണ്ടിങ് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഈ സിനിമയും ഇറങ്ങിയത്.
ഇതിൽ ജയസൂര്യ അവതരിപ്പിക്കുന്ന ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രം, മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളിൽ നിന്ന് ഒരുരൂപാ വീതം സ്വരൂപിക്കുന്നുണ്ട്.
തന്റെ ബിസിനസ് പൊളിയുകയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂടെ കടന്നുപോകുമ്പോൾ നിലവിലെ ഭരണ സംവിധാനവുമായി ഏറ്റുമുട്ടേണ്ടി വരുന്നു.
അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘർഷങ്ങളിലാണ് സിനിമയുടെ പ്രമേയം. ജോയ് താക്കോൽക്കാരൻ സത്യഗ്രഹം നടത്തുന്നു… അതിന് പിന്തുണയായാണ് ഒരു രൂപവീതം പിരിക്കുക്കുന്നത്. അവസാനം മുഖ്യമന്ത്രി രാജിവെക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
രാഷ്ട്രീയ നായക വേഷത്തിൽ നിന്ന് ആരോരുമില്ലാത്ത രാഷ്ട്രീയ അഭയാർത്ഥിയായി മാറിയ പി വി അൻവർ ഇത്തവണയും സ്വതന്ത്രനായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്.
ആദ്യം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നും തെരഞ്ഞെടുപ്പിനായി ആളും അർഥവും കൊണ്ട് ടി എം സി സഹായിക്കുമെന്നൊക്കെ അൻവറിന് ഒപ്പമുള്ളവർ പറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ അൻവർ ക്രൗഡ് ഫണ്ടിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് സിനിമയിൽ ജോയ് ചോദിച്ചതു പോലെ ഒരു രൂപയും ചോദിച്ച്. നിലമ്പൂരിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം
യൂറോപ്പിലെ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നടത്താറുള്ള ക്രൗഡ് ഫണ്ടിങ്ങിന് നീണ്ടചരിത്രമുണ്ട്. എന്നാൽ, ഇന്ത്യയിൽ തെരഞ്ഞെടുപ്പ് രംഗത്ത് ക്രൗഡ് ഫണ്ടിങ് എന്ന കാഴ്ചപ്പാട് ഇതുവരെ പ്രചാരം നേടിയിട്ടില്ല.
അത് ചെറുതായിട്ട് ആരംഭിച്ചിട്ടും പത്തു വർഷത്തിൽ താഴെ കാലം മാത്രമേ ആയിട്ടുള്ളൂ. ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ക്രൗഡ് ഫണ്ടിങ് കൊണ്ടുവന്നത്, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദീർഘമായ നിരാഹാരസമരം നടത്തിയ സ്ത്രീയായിരുന്നു. മണിപ്പൂരിൽ പ്രത്യേക സായുധ സേനാ നിയമത്തിനെതിരെ (അഫ്സ്പ) പോരാടിയ ഇറോം ശർമ്മിളയും അവരുടെ പാർട്ടിയായ പീപ്പിൾസ് റിസർജനസ് ആൻഡ് അലയൻസ് ആണ്.
നാലര ലക്ഷം രൂപയാണ് അന്ന് ഇറോം ശർമ്മിളയുടെ പാർട്ടിക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. പക്ഷേ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിളയടക്കം പരാജയപ്പെട്ടു.
പിന്നീട്, പലരും ഈ പരീക്ഷണം പിന്തുടർന്നെെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. പല സംസ്ഥാനങ്ങളിലും പല പാർട്ടിക്കാരും ഈ പരീക്ഷണവുമായി രംഗത്തിറങ്ങി.
ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റായിരുന്ന ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് സി പി ഐ സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യ കുമാർ
നാഗ്പൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നാന പട്ടോലെ, ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) യുടെ രാഘവ് ഛദ്ദ, പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് സീറ്റിൽ നിന്ന് സിപിഎമ്മി ന്റെ മുഹമ്മദ് സലിം എന്നിവരാണ് അവരിൽ പ്രമുഖരായ സ്ഥാനാർത്ഥികൾ.