ചെറിയ സ്‌കോറുമായി ബൗളിങ്ങിന് ഇറങ്ങിയപ്പോൾ കൊൽക്കത്ത പോലും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു വിജയം. പക്ഷെ മുംബൈ ഇന്ത്യൻസ് അറിഞ്ഞു കൊടുത്തു. ഐപിഎൽ 2024 സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മഴ കാരണം വെട്ടിച്ചുരുക്കിയ മത്സരത്തിൽ കൊല്‍ക്കത്തയുടെ 157 റണ്‍സ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 139-8 എന്ന സ്കോറിലെത്താനെ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവർ ഫിൽ സാൾട്ടിനെ നുവാൻ തുഷാരയും അടുത്ത ഓവറിൽ സുനിൽ നരേനെ ജസ്പ്രീത് ബുംറയും മടക്കിയതോടെ കൊൽക്കത്ത നടുങ്ങി. പിന്നീടുവന്ന വെങ്കടേഷ് അയ്യർ പക്ഷെ ആക്രമിച്ച് കളിച്ചു. മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യരുമായിച്ചേർന്ന് വെങ്കടേഷ് അയ്യർ 30 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, 10 പന്തുകളിൽ 7 റൺസ് നേടിയ ശ്രേയാസിനെ പുറത്താക്കി അൻഷുൽ കംബോജ് ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ, നിതീഷ് റാണ എത്തിയതോടെ കൊൽക്കത്ത നില മെച്ചപ്പെടുത്തി വെങ്കടേഷ് ആക്രമണം തുടർന്നപ്പോൾ റാണ ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 37 റൺസ് നീണ്ട കൂട്ടുകെട്ട് വെങ്കടേഷ് അയ്യരെ പുറത്താക്കി പീയുഷ് ചൗള ആ കൂട്ടുകെട്ടും അവസാനിപ്പിച്ചു. അഞ്ചാം വിക്കറ്റിൽ ആന്ദ്രേ റസലും നിതീഷ് റാണയും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 33 റൺസ് നേടിയ റാണയെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കിയ തിലക് വർമ മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. 8 പന്തില്‍ 17* റണ്‍സുമായി രമണ്‍ദീപ് സിംഗും രണ്ട് പന്തിൽ 3* റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താവാതെ നിന്നു.
കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി അനായാസമായാണ് മുംബൈ തുടങ്ങിയതെങ്കിലും പതുക്കെ കാര്യങ്ങൾ കൈവിട്ടു പോയി. ഇഷാൻ കിഷൻ- രോഹിത് ശർമ്മ ഓപ്പണിംഗ് സഖ്യം 6.5 ഓവറിൽ 65 റൺസ് ചേർത്തു ശക്തമായ അടിത്തറയാണ് നൽകിയത്. 40 റൺസെടുത്ത കിഷനെ സുനിൽ നരെയ്നും 19 എടുത്ത രോഹിത് ശർമ്മയെ വരുൺ ചക്രവർത്തിയും തിരിച്ചയച്ചതോടെ മുംബൈ ഒന്ന് പരുങ്ങി. സൂര്യകുമാർ യാദവും കാര്യമായ സംഭാവന നൽകാതെ മടങ്ങി. 30 പന്തിൽ 70 റൺസ് വേണം ജയിക്കാനെന്ന ഘട്ടത്തിൽ 12-ാം ഓവറിൽ പാണ്ഡ്യയെ (4 പന്തിൽ 2) വരുൺ മടക്കി. തൊട്ടടുത്ത ഓവറിൽ ടിം ഡേവിഡിനെ അക്കൗണ്ട് തുറക്കും മുമ്പും റസൽ മടക്കി. നെഹാൽ വധേരയെ സ്റ്റാർക്ക് റണ്ണൗട്ടാക്കിയതോടെ മുംബൈ വെടിക്കെട്ട് ഏതാണ്ടവസാനിച്ചു.
Read also: കേരളത്തിൽ വരുന്നു, ലൈറ്റ് ട്രാം; സംസ്ഥാനത്തെ ഈ 3 നഗരങ്ങൾ ഇനി യൂറോപ്യൻ നിലവാരത്തിലാകും !