സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കാണ് കെ കെ ശൈലജ ഒരുങ്ങുന്നത്. വ്യാജ പ്രൊഫൈലുകൾ വഴിയാണ് സൈബർ ആക്രമണം നടക്കുന്നത്.
പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരിക്കെ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെടുത്തി നിരവധി പോസ്റ്റുകൾ ആണ് തനിക്കെതിരെ ഉയരുന്നത്. 15,000 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് പോസ്റ്റുകൾ ഏറെയും. ‘കോവിഡ് കള്ളി’ എന്നുൾപ്പെടെ വിളിച്ച് തനിക്കെതിരെ അപവാദം പരത്തുകയാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. 15000 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ കുറ്റബോധം ഇല്ലെന്നും അത് ശരിയായ നടപടി ആയിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു. വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശൈലജയുടെ പേര് നിശ്ചയിച്ചതിനു ശേഷം അവർക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനെതിരെ പ്രതികരിക്കുകയായിരുന്നു ഷൈലജ.