മുനമ്പം: കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് ഇന്ന് സംഘടിപ്പിക്കുന്ന ‘നന്ദി മോദി ബഹുജനകൂട്ടായ്മ’ പരിപാടിയിൽ പങ്കെടുക്കും. വരാപ്പുഴ അതിരൂപത ആസ്ഥാനവും അദ്ദേഹം സന്ദർശിക്കും.
ഇന്ന് വൈകിട്ട് 5 ന് ആണ് റിജിജു മുനമ്പം സമരപ്പന്തലിലെത്തുക. തുടർന്ന് ഭൂസംരക്ഷ സമിതി നേതാക്കളുമായി ആശയവിനിമയം നടത്തും. വഖഫ് നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേരാണ് ബിജെപിയിൽ ചേർന്നത്.
മുനമ്പം വിഷയത്തിൽ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു എന്ന ആരോപണം കോൺഗ്രസും സിപിഐഎമ്മും ഉയർത്തുന്നതിനിടയിലാണ് കിരൺ റിജിജുവിൻ്റെ വരവ്.
രാവിലെ പതിനൊന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന റിജിജു ആദ്യം വരാപ്പുഴ അതിരൂപത ആസ്ഥാനത്തേക്ക് ആണ് എത്തുന്നത്. അവിടെയെത്തി ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തും.