കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം.
ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളജ് അധികൃതർ റീകൗണ്ടിങ് നടത്തി എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടൻറെ പരാതി. അർധരാത്രിയായിരുന്നു റീകൗണ്ടിങ്. അതിനിടെ രണ്ടുതവണ വൈദ്യുതി മുടങ്ങി. ഇതിനിടെ ബാലറ്റ് പേപ്പർ കേടുവരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറുകയും ചെയ്തുവെന്ന് ഹരജിക്കാരൻ ആരോപിച്ചു.
ആദ്യം അസാധുവായ വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായത് എങ്ങനെയെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. റീകൗണ്ടിങ് റിട്ടേണിങ് ഓഫിസർക്കുതന്നെ തീരുമാനിക്കാമെന്നിരിക്കെ കോർ കമ്മിറ്റിയുണ്ടാക്കിയത് എന്തിനെന്നും ജസ്റ്റിസ് ടി.ആർ. രവി ചോദിച്ചു.വീണ്ടും എണ്ണിയത് കോളജ് മാനേജറായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിൻറെ നിർദേശ പ്രകാരമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം ബാഹ്യ ഇടപെടൽ അനുവദനീയമല്ലെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വിശദീകരിച്ചു. കോർ കമ്മിറ്റി അംഗങ്ങളല്ലാത്ത പ്രിൻസിപ്പലിനും മറ്റൊരാൾക്കും എങ്ങനെയാണ് കമ്മിറ്റി തീരുമാനത്തിൽ ഒപ്പിടാനാവുകയെന്നും കോടതി ചോദിച്ചിരുന്നു.