ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും
ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ജാഗ്രത നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളായതിനാൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിടയുണ്ട്.
കാർമേഘങ്ങൾ രൂപപ്പെടുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്കടുത്ത് നിൽക്കാതിരിക്കുകയും വേണം.
കെട്ടിടത്തിനകത്ത് കഴിയുകയും ഭിത്തിയിലോ തറയിലോ പരമാവധി സ്പർശിക്കാതിരിക്കാൻ ശ്രമിക്കണമെന്നും നിർദേശമുണ്ട്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ സമീപം നിൽക്കുന്നത് ഒഴിവാക്കണം.
ലാൻഡ്‌ലൈൻ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമല്ല.
മേഘാവൃതമായ കാലാവസ്ഥയുള്ളപ്പോൾ കുട്ടികൾ ഉൾപ്പെടെ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കുന്നത് ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും വാഹനങ്ങൾ മരങ്ങളുടെ അടിയിൽ പാർക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തേക്ക് നീട്ടരുത്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കി, ഇടിമിന്നൽ അവസാനിക്കുന്നതുവരെ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
മഴക്കാർ കണ്ടാൽ തുണികൾ എടുക്കാനായി ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി കെട്ടിവയ്ക്കണം.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുകയും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കാതിരിക്കുകയും വേണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ പാടില്ല.
കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ മത്സ്യബന്ധനവും ബോട്ടിങ് പ്രവർത്തനങ്ങളും നിർത്തി ഉടൻ കരയിലേക്ക് മടങ്ങണം.
ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും വല എറിയുന്നതും ഒഴിവാക്കണം.
ഇടിമിന്നൽ സമയത്ത് പട്ടം പറത്തുന്നതും ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
English Summary:
The India Meteorological Department has forecast rain with isolated thunderstorms in Kerala today. Strong winds and rough weather are also likely along the south Tamil Nadu coast, Gulf of Mannar, and nearby Kanyakumari region until the 19th. The IMD has issued detailed safety guidelines, urging the public to avoid open areas, disconnect electrical appliances, stay indoors during lightning, and take precautions while travelling, fishing, or engaging in outdoor activities.
kerala-rain-thunderstorm-imd-warning-safety-guidelines
Kerala Weather, IMD, Rain Alert, Thunderstorm, Strong Wind, Safety Advisory









