കോഴിക്കോട്: 2023ല്‍ പ്രാബല്യത്തില്‍ വന്ന കേരള പൊതുജനാരോഗ്യ നിയമ പ്രകാരം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസിൽ വിധി.
ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ച ഹോട്ടല്‍ ഉടമയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാദാപുരം കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമയായ എടവന്‍റവിടെ ആയിഷയെ ആണ് 10,000 രൂപ പിഴ അടയ്ക്കാനും അല്ലാത്ത പക്ഷം 30 ദിവസം സാധാരണ തടവിനും കോടതി ശിക്ഷിച്ചത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് വിധി.
ഹെല്‍ത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ അടിസ്ഥാന സംവിധാനങ്ങള്‍ ഇല്ലെന്നും ശുചിത്വ സൗകര്യങ്ങള്‍ ഇല്ലെന്നും കണ്ടെത്തി.
മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉടമയ്ക്ക് നല്‍കിയ നോട്ടീസിലെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. ചെയ്ത കുറ്റത്തിന് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും ചെയ്തില്ല. ഇതേ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം കേസ് ഫയല്‍ ചെയ്തത്.
Kerala Public Health Act; Verdict in the first registered case in the state