കൊച്ചി: ശബരിമലയിൽ മാസപൂജ തീർത്ഥാടനത്തിന് ചക്കുപാലം 2ലും ഹിൽടോപ്പിലും താൽക്കാലിക പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. പാർക്കിങ് മേഖലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കണമെന്നും അല്ലാത്ത വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി. കൊടിയും ബോർഡും വച്ച വാഹനങ്ങൾക്കും ഇളവ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാരായ തീർഥാടകർക്ക് സൗകര്യങ്ങൾ നൽകണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എൻ.നഗരേഷ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു. മാസപൂജയ്ക്കുള്ള പാർക്കിങ് സൗകര്യങ്ങളാണ് ഇന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്. ജനക്കൂട്ട നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാത്രമല്ല, പാർക്കിങ് സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.
എല്ലാ മാസപൂജയ്ക്കു മുൻപും കളക്ടർ, എസ്പി, സ്പെഷൽ കമ്മിഷണർ, ദേവസ്വം എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർ ചർച്ച നടത്തണമെന്നും കോടതി പറഞ്ഞു.