സ്വർണവില കുറച്ച് കുറഞ്ഞു; ദിവസങ്ങളായി ഒരു ഗ്രാം സ്വർണം പോലും വിറ്റുപോകാതെ ജ്വല്ലറികൾ
കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്ന് റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,920 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12,990 രൂപയിലാണ് വ്യാപാരം. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടുത്തുമ്പോൾ ഉപഭോക്താവിന് ചെലവ് ഇനിയും ഉയരുമെന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. അന്ന് മാത്രം പവന് 1,760 രൂപ വർധിച്ചതോടെയാണ് സ്വർണം ചരിത്രം കുറിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 95,680 രൂപയായിരുന്നു. ഡിസംബർ 9ന് 94,920 രൂപയായി ഇടിഞ്ഞത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. തുടർന്ന് ദിവസങ്ങളോളം ശക്തമായ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യത്തിലെ ചലനങ്ങൾ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത്, ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
വെള്ളിവില
സ്വർണത്തോടൊപ്പം വെള്ളിവിലയിലും ഇടിവുണ്ടായി. കിലോഗ്രാമിന് 4,000 രൂപ കുറഞ്ഞ് ഒരു കിലോഗ്രാം വെള്ളിയുടെ വില 2,81,000 രൂപയായി. ഗ്രാമിന് നാല് രൂപ കുറഞ്ഞ് 281 രൂപയിലാണ് വെള്ളി വ്യാപാരം.
അതേസമയം ഇന്നലെ വരെ വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ പിന്നോട്ടടിച്ചതിനാൽ ജില്ലയിൽ ദിവസങ്ങളായി ഒരു ഗ്രാം സ്വർണം പോലും വിറ്റുപോകാത്ത ജ്വല്ലറികൾ ഉണ്ടെന്നാണ് വ്യാപാരികളുടെ പരാതി.
വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ ജീവനക്കാരുടെ ശമ്പളം, കടമുറികളുടെ വാടക, മറ്റ് ദൈനംദിന ചെലവുകൾ എന്നിവ വഹിക്കാൻ ചെറുകിട വ്യാപാരികൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
നിലവിൽ സ്വർണത്തിന് മൂന്ന് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്.
ഇതനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങുമ്പോൾ മൂവായിരത്തിലേറെ രൂപ ഉപഭോക്താവിന് ജിഎസ്ടിയായി നൽകേണ്ടിവരുന്നു. ഈ നികുതി ഭാരം വിൽപ്പനയെ സാരമായി ബാധിച്ചുവെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
ജിഎസ്ടി സംവിധാനം നിലവിൽ വന്നപ്പോൾ പവന് ഏകദേശം 20,000 രൂപ മാത്രമായിരുന്നു സ്വർണവില. അന്ന് ജിഎസ്ടി 600 രൂപയായിരുന്നു.
എന്നാൽ വില അഞ്ചിരട്ടി വർധിച്ചിട്ടും നികുതി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തയ്യാറാകുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
അതേസമയം, വിവാഹ ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ മുൻകൂർ ബുക്കിംഗ് സ്വീകരിച്ച വ്യാപാരികൾക്ക് ഇപ്പോൾ നഷ്ടം സഹിച്ചും സ്വർണം നൽകേണ്ട അവസ്ഥയാണ്.
ജിഎസ്ടി ഒരു ശതമാനമാക്കുക, നികുതി അടയ്ക്കുന്നതിൽ താൽക്കാലിക മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിസന്ധി മറികടക്കാൻ വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്.
സ്വർണവില വർധിച്ചതിനെ തുടർന്ന് ചില ഉപഭോക്താക്കൾ വെള്ളിയിലേക്ക് മാറിയെങ്കിലും, സ്വർണത്തിനൊപ്പം വെള്ളിവിലയും കുതിച്ചുയർന്നത് സാധാരണക്കാർക്ക് ഇരട്ട തിരിച്ചടിയായി മാറിയിരിക്കുകയാണ്.
English Summary
After breaching the ₹1 lakh mark and hitting record highs, gold prices in Kerala witnessed a sharp decline today. The price of gold fell by ₹520 per sovereign, bringing the rate down to ₹1,03,920. Silver prices also declined significantly. Market volatility, currency fluctuations, and global economic factors are influencing precious metal prices.
kerala-gold-price-falls-after-record-high
Gold Price, Kerala Gold Rate, Gold Market, Silver Price, Bullion Market, Precious Metals, Indian Economy









