തിരുവനന്തപുരം : തെലങ്കാന സംസ്ഥാന രൂപീകരണം മുതൽ മുഖ്യമന്ത്രിയായിരുന്ന കെ.സി.ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.സി.ആർ സ്ഥാപിച്ച ഭാരത് രാഷ്ട്ര സമിതി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ഏറ്റ് വാങ്ങിയത്. ഇതേ തുടർന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്ന കെ.സി ചന്ദ്രശേഖര റാവു സംസ്ഥാന തലസ്ഥാനമായ ഹൈന്ദരാബാദ് വിട്ട് ഐരവള്ളിയിലെ ഫാം ഹൗസിലാണ് താമസം.
വ്യാഴാഴ്ച്ച തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പോലും കെ.സി.ആർ പങ്കെടുത്തില്ല. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച കെ.സി.ആറിന് ഒരു മണ്ഡലമായ കമരാറെഡ്ഢിയിൽ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയായി. ഇതേ തുടർന്ന് പൊതുജനങ്ങളിൽ നിന്നും മാറി അടുത്ത പാർട്ടി പ്രവർത്തകരുമായും മകളും എം.പി.യുമായ കവിത എന്നിവരുമായി മാത്രമായിരുന്നു കെ.സി.ആറിന്റെ ആശയവിനിമയം. ഇതിനിടയിലാണ് കെ.സി. ആറിന് വീണ് പരിക്കേറ്റത്.
ഫാം ഹൗസിലെ കുളിമുറിയിൽ വീണ് പരിക്കേറ്റതെന്നും, അല്ല ഫാം ഹൗസിലെ പ്രഭാത നടത്തതിനെ വീണ് പരിക്കേറ്റു എന്നും രണ്ട് വിവരണങ്ങളാണ് പാർട്ടി പ്രവർത്തകർ നൽകുന്നത്. പുലർച്ചയോടെ സോമാദിഗുഡയിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.സി.ആറിന്റെ ഇടുപ്പ് എല്ലിന് പരിക്കുണ്ട്. പക്ഷെ പരിക്ക് സാരമുള്ളതല്ലെന്ന് മകൾ കവിത ട്വീറ്റ് ചെയ്തു. വിദഗദ്ധ ഡോക്ടർമാർ അദേഹത്തെ പരിശോധിക്കുന്നു.
പരിക്കിൽ നിന്നും കെ.സി.ആർ വേഗം മുക്തി നേടട്ടേയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. ആശുപത്രിയക്ക് ചുറ്റും പാർട്ടി പ്രവർത്തകർ നിറഞ്ഞ് നിൽക്കുകയാണ്.
Read Also : ഇത് മോദി എഫക്ടോ ? ബിജെപിയുടെ തന്ത്രം ലക്ഷ്യം കണ്ടു : നാലിൽ മൂന്നിലും തകർപ്പൻ വിജയം