ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.(Kayamkulam couple death; More information is out)
കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ മരത്തിൽ സുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഷമയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകുന്നേരം അഞ്ചോടെ സമീപത്തെ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാട് കണ്ടെത്തി. വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. മദ്യപാനിയായ സുധൻ ദിവസവും മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസും പ്രതികരിച്ചു. സുധൻ മുൻപും സുഷമയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.