ഖബർസ്ഥാനിൽ മണ്ണുമാറ്റിയതിന് കണ്ടുകെട്ടി; കടംകയറിയ തങ്കരാജിന് ജെ.സി.ബി തിരിച്ചുകിട്ടി, പള്ളിക്കമ്മിറ്റിയും കനിവ് കാട്ടി
കാസർകോട്: ഖബർസ്ഥാനിൽ മണ്ണുമാറ്റം നടത്തിയെന്ന പേരിൽ റവന്യൂ വകുപ്പ് കണ്ടുകെട്ടിയ ജെ.സി.ബി ഒടുവിൽ ഉടമയ്ക്ക് തിരികെ ലഭിച്ചു. 44.85 ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കുകയും രണ്ട് പേരുടെ ജാമ്യം നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഹൈക്കോടതി വാഹനമൊഴിപ്പിക്കാൻ ഉത്തരവിട്ടത്.
കോടതി ആരെങ്കിലും ബോണ്ട് നൽകാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, ഉടമയായ തലക്കാട്ട് തങ്കരാജ് തന്റെ ദുരവസ്ഥ വെളിപ്പെടുത്തി. പിന്നാലെ, ഗണേഷ് മുക്കിലെ നുസ്രത്തുൽ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുത്തലിബിന്റെ മകളും മുൻ സെക്രട്ടറി മുഷ്താഖും സ്വന്തം സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കി ബോണ്ട് വെക്കാൻ മുന്നോട്ട് വന്നു. പള്ളി കമ്മിറ്റി മുൻ നിലപാട് മാറ്റിയതും തങ്കരാജിന് വലിയ ആശ്വാസമായി.
2024 ജൂലൈയിൽ പിഴ അടയ്ക്കാൻ പള്ളി കമ്മിറ്റി തയ്യാറാകാത്തതിനാലാണ് വാഹനം കണ്ടുകെട്ടിയത്. തുടർന്ന് കടബാധ്യതകൾ കൊണ്ട് ദുരിതത്തിലായ തങ്കരാജിന്റെ അവസ്ഥ 2024 നവംബർ 18-ന് റിപ്പോർട്ട് ചെയ്തിരുന്നു.
പടന്ന കാലിക്കടവിലെ റാസിയ, ഓരിമുക്കിലെ യു.കെ. മുഷ്താഖ് എന്നിവരുടെ സ്ഥലങ്ങൾ കേസ് തീരുന്നത് വരെ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് ബോണ്ട് സ്വീകരിച്ചത്. ഇതോടൊപ്പം ഹോസ്ദുർഗ് തഹസിൽദാറിന്റെ വാല്യൂവേഷൻ റിപ്പോർട്ട്, തൃക്കരിപ്പൂർ സബ് രജിസ്ട്രാറിന്റെ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കിയിരുന്നു. ഇതിനുശേഷമാണ് ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ ഡിസംബർ 13-ന് റിലീസ് ഓർഡർ നൽകിയത്.
കോടതിയുടെയും കളക്ടറുടെയും ഉത്തരവുകൾ ലഭിച്ച തങ്കരാജ്, ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി മെക്കാനിക്കിന്റെ സഹായത്തോടെ 26 മാസമായി നിൽക്കുന്ന ജെ.സി.ബി സ്റ്റാർട്ട് ചെയ്തു. വൈകിട്ട് നാലരയോടെ ഇൻസ്‌പെക്ടർ കെ. പ്രശാന്തിന്റെ നിർദ്ദേശപ്രകാരം താക്കോൽ കൈമാറി.
ആർ.ടി.ഒ കണക്കാക്കിയ 29.90 ലക്ഷം രൂപയുടെ ഒന്നര മടങ്ങ് ചേർത്താണ് 44.85 ലക്ഷം രൂപ ബോണ്ട് വെച്ചത്. അതേസമയം, ജെ.സി.ബി വാങ്ങാൻ എടുത്ത 26 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കും ജപ്തി നോട്ടീസ് നൽകിയിരുന്നു.
പഞ്ചായത്ത് പ്രതിനിധികളുടെ ഇടപെടലിൽ നടന്ന ധാരണ പ്രകാരം, വായ്പ കുടിശ്ശികയിൽ 1.80 ലക്ഷം രൂപ പള്ളി കമ്മിറ്റി അടച്ചു. ഇനി 1.82 ലക്ഷം രൂപ കുടിശ്ശികയുണ്ട്. വാഹനം ഏറ്റെടുക്കാനെത്തിയപ്പോൾ പോലും ബാങ്കിൽ നിന്ന് ‘കുടിശിക വിളി’ തങ്കരാജിന് ലഭിച്ചിരുന്നു
English Summary :
Kasargod JCB seized by revenue department over cemetery soil removal case released to owner after High Court order. Owner Thankaraj gets vehicle back by depositing ₹44.85 lakh bond with sureties.