ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിലപാട് മാറ്റി കർണാടകയിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
കർണാടക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കർണാടക എക്സാമിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. സംസ്ഥാനത്തിലെ സർക്കാർ സ്ഥാപനങ്ങളിലേക്കും ബോർഡുകളിലേക്കുമുള്ള നിയമനങ്ങളിൽ ഈ കമ്മിറ്റിയാണ് പരീക്ഷ നടത്തുന്നത്.നിലവിലെ തീരുമാനം താത്കാലികമായിരിക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഹിജാബ് നിരോധനം പിൻവലിക്കുക എന്നത്. ഇതിന്റെ ഭാഗമായാണ് സർക്കാർ സർക്കാർ നിയമന പരീക്ഷകളിലെ ഹിജാബ് നിരോധനം പിൻവലിച്ചത്. മറ്റു പരീക്ഷകളിൽ നിന്നും ഘട്ടം ഘട്ടമായി വിലക്ക് നീക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ അറിയിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ബി.ജെ.പി സർക്കാർ നിയമനിർമാണം നടത്തിയ ഹിജാബ് നിരോധന നിയമം ഇപ്പോഴും നിലനിൽക്കുന്നതിനാൽ നിയമക്കുരുക്ക് ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് എക്സാമിനേഷൻ കമ്മിറ്റി ഹിജാബ് അനുവദിച്ച തീരുമാനം പിൻവലിച്ചത്.അതേസമയം ഹിജാബ് എന്ന് ഉത്തരവിൽ പരാമർശിക്കുന്നില്ല. തലയിൽ ധരിക്കുന്ന വസ്ത്രങ്ങൾ പാടില്ലെന്നാണ് പറയുന്നത്.