തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി. ആറ്റൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ സുഹൈബിനാണ് കുത്തേറ്റത്. പുതുവത്സര ആശംസകള്‍ അറിയിച്ചില്ലെന്ന കാരണത്താൽ സുഹൈബിനെ 24 തവണ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതി പാപ്പി എന്നു വിളിക്കപ്പെടുന്ന ഷാഫിയാണ് കുത്തിയത്.(Kappa case accused stabbing youth in Thrissur)
ഇന്നലെ രാത്രി ഗാനമേള കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ ബൈക്കില്‍ മടങ്ങി വരികയായിരുന്നു സുഹൈബ്. സംഘം മുള്ളൂര്‍ക്കരയിലെത്തിയപ്പോള്‍ ബസ് സ്റ്റോപ്പില്‍ പരിചയമുള്ള നാലഞ്ചു പേര്‍ ഇരിക്കുന്നത് കണ്ടു. അവര്‍ക്കെല്ലാം ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. എന്നാൽ ബസ് സ്റ്റോപ്പില്‍ ഇരുന്നിരുന്ന ഷാഫിയോട് വ്യക്തിപരമായി പുതുവത്സരാശംസകള്‍ പറഞ്ഞില്ല എന്ന കാരണത്തിന്റെ പേരില്‍ സുഹൈബിനെ ആക്രമിക്കുകയായിരുന്നു.
സുഹൈബിന്റെ കൈയിലും തലയ്ക്കുമാണ് കുത്തേറ്റത്. അക്രമണസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് സംശയം. അതേസമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തന്നെ ഷാഫിയും അഡ്മിറ്റ് ആയിട്ടുണ്ട്. സുഹൈബ് തന്നെയും കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് ഇയാളുടെ വാദം. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.