കളമശേരി സ്ഫോടനക്കേസിലെ പ്രതിയെന്ന് പറയുന്ന ഡൊമിനിക് മാർട്ടിന്റെ തമ്മനത്തെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. കടവന്ത്ര സ്വദേശിയായ ഇയാൾ അഞ്ചു വർഷമായി തമ്മനത്താണ് താമസം. സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്ന് ഡൊമിനിക് തന്നെ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. സ്ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ ഉണ്ടായിരുന്നു. ഡൊമിനിക് തന്നെയാണ് പ്രതി എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് കാര്യങ്ങൾ വിശദമായി പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ ഇട്ട ശേഷമാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. എന്നാൽ ഡൊമിനിക് അറസ്റ്റിലായി ദിവസങ്ങൾ കഴിയുമ്പോഴും പോലീസിനെ കുഴയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്.
കഴിഞ്ഞ കുറെ വർഷങ്ങളായി ദുബായിൽ ജോലി ചെയ്തിരുന്ന ഡൊമിനിക് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. വിദേശ ജോലി ഉപേക്ഷിച്ച് വന്നു നാട്ടിൽ താമസമായെങ്കിലും ഇയാളുടെ അകൗണ്ടിൽ വിദേശത്തുനിന്നും ധാരാളം പണം എത്തിയിട്ടുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്. യു.കെയിൽ നിന്നടക്കം ഇയാൾക്ക് സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. ഡൊമിനികിന്റെ വിദേശബന്ധങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. 20 ലേറെ വര്ഷങ്ങളായി ദുബായിൽ ജോലി ചെയ്തിരുന്ന ഡൊമിനിക് അവസാനമായി ജോലി ചെയ്തിരുന്നത് seven spikes എന്ന കമ്പനിയിലായിരുന്നു. റോഡ് നിർമ്മാണ കമ്പനിയായ ഇവിടെ ഇയാൾ സൂപ്പർവൈസർ തസ്തികയിലാണ് ജോലി ചെയ്തിരുന്നത്. ഒരു വർഷം മുൻപ് മാത്രമാണ് ഇയാൾ ഈ കമ്പനിയിൽ ജോയിൻ ചെയ്തത്. ഒരുവർഷത്തിനു ശേഷം ബന്ധുവിന് സുഖമില്ല എന്ന കാരണം പറഞ്ഞു അടിയന്തര അവധി എടുത്താണ് ഡൊമിനിക് നാട്ടിലേക്ക് വന്നത്. പിന്നീട് അവധി നീട്ടുകയായിരുന്നു. ഒക്ടോബർ 30 നു തിരിച്ചെത്തും എന്നാണു സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എല്ലാവരോടും ശാന്തനായി ഇടപെടുന്ന ഇയാൾ ഇങ്ങനെ ചെയ്തെന്നു സുഹൃത്തുക്കൾക്കും ഉദ്യോഗസ്ഥർക്കും വിശ്വസിക്കാനാവുന്നില്ല. ഡൊമിനിക് ഇങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്ന തരത്തിലാണ് സഹപ്രവർത്തകർ സംസാരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു. എല്ലാവരോടും ശാന്തനായാണ് ഇടപെട്ടിരുന്നതെന്നും അവർ പറയുന്നതായി റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസമാണ് പോലീസ് ഇയാളുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിലെ ചില നിർണായക വെളിപ്പെടുത്തൽ പോലീസിൽ സംശയം ജനിപ്പിക്കുന്നതാണ്. ഞായാറാഴ്ച രാവിലെയാണ് സ്ഫോടനം നടത്തുന്നത്. ശനിയാഴ്ച രാത്രി ഇയാൾ ആരോടോ ഫോണിൽ സംസാരിച്ചതായും ചില കാര്യങ്ങൾ പറഞ്ഞതായും ഭാര്യ കേട്ടിരുന്നു എന്നു അവരുടെ മൊഴിയിൽ പറയുന്നു. ആവർത്തിച്ചു ചോദിച്ചിട്ടും ഒന്നും പറയാതിരുന്ന ഇയാൾ ഭാര്യയോട് ക്ഷോഭിക്കുകയും ചെയ്തു. തുടർന്ന് നാളെ ഒരിടം വരെ പോകാനുണ്ടെന്നും അതിനു ശേഷം വിവരം പോറയാമെന്നും ഇയാൾ പറഞ്ഞതായി ഭാര്യ പറയുന്നു.
വെളുപ്പിനെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇയാളുടെ കയ്യിൽ ഒന്നും ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണു ഭാര്യ പറയുന്നത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ കൈയ്യിൽ ചില സാധനങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം ഇയാൾ ആദ്യം വിളിച്ചു പറയുന്നത് ഭാര്യയെയാണ്. അതിനു ശേഷമാണു സ്കൂട്ടറിൽ രക്ഷപ്പെടുന്നത്. ഒറ്റയ്ക്ക് ഒരാൾക്ക് ഇത്തരമൊരു സ്ഫോടനം നടത്താൻ കഴിയില്ല എന്നാണു ഒരു വിഭാഗം ആളുകൾ പറയുന്നത്. ഏതായാലും ഇന്നത്തെ തെളിവെടുപ്പ് കഴിയുമ്പോൾ ചിത്രം കുറേക്കൂടി വ്യാക്തമാകും എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച 24 മണിക്കൂർ കസ്റ്റഡി ഇന്നവസാനിക്കുമ്പോൾ ഇതിനൊക്കെ ഉത്തരമാകും എന്നുവേണം കരുതാൻ.