കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. പ്രതി സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇവർ തമ്മിലുള്ള സൗഹൃദം ഇല്ലാതായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച രാധാകൃഷ്ണൻ, ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ്. നിർമ്മാണ തൊഴിലാളിയായ പ്രതി സന്തോഷ് അവിവാഹിതനാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്.
കൈതപ്രം വായനശാലയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണനെ വിളിച്ചുവരുത്തി നെഞ്ചിൽ വെടിവെക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടത്തുന്നതിനായി പ്രതി ഉപയോഗിച്ച തോക്കിന് ലൈസൻസുണ്ടെന്നും, പന്നിയെ വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്കായിരുന്നു അതെന്നുമാണ് പോലീസിന് ലഭിച്ച വിവരം. കൊലപാതകം നടത്തിയ ശേഷം തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതായി സംശയം ഉള്ളതിനാൽ ഇന്ന് അവിടെ തിരച്ചിൽ നടത്തും.
രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സംഭവത്തിൽ സന്തോഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതക സമയം മദ്യലഹരിയിലായിരുന്ന പ്രതിയെ സ്വബോധത്തിൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതക കാരണം പുറത്തായത്.