പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം
തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി രക്ഷപ്പെടാനുപയോഗിച്ച യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നും അന്വേഷണ സംഘം സ്‌കൂട്ടര്‍ കണ്ടെത്തിയത്.(Kadinamkulam murder case; scooter found)
കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം. സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ ഇന്ന് പോലീസ് വിശദമായി പരിശോധിക്കും. പെരുമാതുറയില്‍ പ്രതി താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തിയിരുന്നു.
വീട്ടിൽ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല എന്നാണ് വിവരം. ഈ വീടും പോലീസ് ഇന്ന് തുറന്നു പരിശോധിക്കും. വെഞ്ഞാറമൂട് ആലിയാട് സ്വദേശിനിയും കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയുമായ ആതിര(30)യാണ് കൊല്ലപ്പെട്ടത്.