സ്റ്റുഡന്റ് വിസയിൽ എത്തി വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ തുടർന്നതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട യുവതിക്ക് ഒടുവിൽ നീതി. 2004 സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിൽ എത്തിയ നാദ്ര തബസം അൽമാസ് എന്ന പാകിസ്താനി യുവതിക്കാണ് അന്യായമായി തടങ്കലിൽ വയ്ക്കുകയും ജോലി ചെയ്യാനും സാമൂഹിക ഇടപെടൽ നടത്താനുമുള്ള അവകാശം ലംഘിക്കുകയും ചെയ്തതിന്റെ നഷ്ടപരിഹാരമായി ഹോം ഓഫീസ് 1200000 പൗണ്ട് നൽകണമെന്ന് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുമ്പോഴും കാലാകാലങ്ങളായി ഏർപ്പെടുത്തിയ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് തന്നെയായിരുന്നു യുവതി യുകെയിൽ കഴിഞ്ഞിരുന്നത്. എന്നാൽ 2018 ൽ യുവതിയെ അറസ്റ്റ് ചെയ്യുകയും യാൾസ് വുഡ് റിമൂവൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. രണ്ടാഴ്ചക്കാലമായ യുവതിക്ക് ഇവിടെ കഴിയേണ്ടി വന്നത്. പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കും എന്നും യുവതിയോട് അറിയിക്കുകയും ഉണ്ടായി.
ഹോം ഓഫീസിന്റെ ഈ നിയമവിരുദ്ധ നടപടിക്കെതിരെ അൽമാസ് കോടതിയെ സമീപിച്ചു. തുടർന്നാണ് ഇവർക്ക് നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്. അറസ്റ്റിൽ ആയിരിക്കുന്ന സമയത്ത് യുവതി ഒളിവിൽ ആയിരുന്നില്ല എന്നും അവർ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചിരുന്നില്ല എന്നതിന് തെളിവുകൾ ഇല്ല എന്നും കോടതി നിരീക്ഷിച്ചു.
അഭയാർത്ഥി സ്റ്റാറ്റസ് ലഭിച്ച പ്രായപൂർത്തിയായ തന്റെ മകനെ വിട്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും പാക്കിസ്ഥാനിൽ തന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. മാത്രമല്ല ഡിപ്പോർട്ട് സെന്ററിൽ നിന്നും വിട്ടയച്ചതിനുശേഷം 2021ൽ ഇവർക്ക് അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനിടയിൽ കടന്നുപോയ രണ്ടര വർഷക്കാലം എല്ലാവരും തന്നെ ഒരു ക്രിമിനലിനെ പോലെയാണ് പരിഗണിച്ചിരുന്നത് എന്നും നിരവധി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും താൻ വിധേയയായി എന്നും അൽമാസ് ആരോപിക്കുന്നു. കുടുംബജീവിതം നയിക്കാനുള്ള അവകാശം പോലും തനിക്ക് നിഷേധിച്ചു എന്നും ഇവർ വാദിച്ചു.
ഇതിനെ തുടർന്ന് ഇവരെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തത് തടവിലാക്കിയത് എന്ന് നിരീക്ഷിച്ച കോടതി ഹോം ഓഫീസ് ഇവർക്ക് 98, 757 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു. ഹോം ഓഫീസ് അപ്പീലിന് പോയെങ്കിലും അവരുടെ വാദങ്ങളെല്ലാം കോടതി നിരാകരിച്ചു. മാത്രമല്ല കോടതി ചെലവുകൾക്കായി മറ്റൊരു 30,000 പൗണ്ട് അവർക്ക് നൽകണമെന്നും വിധിയായി.