കൊച്ചി: കോടതിമുറിയിൽ വെച്ച് വനിതാ അഭിഭാഷകനെ പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ മാപ്പുപറഞ്ഞ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ. ചീഫ് ജസ്റ്റീസിന്‍റെ ചേംബറിൽ വെച്ച് നടന്ന ഒത്തുതീർപ്പിലാണ് മാപ്പു പറഞ്ഞത്. സംഭവത്തിൽ കോടതി ബഹിഷ്കരണവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനും രംഗത്തെത്തിയിരുന്നു.
മാപ്പ് പറയുന്നത് വരെ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ബഹിഷ്‌കരിക്കുമെന്നു അഭിഭാഷകർ പ്രഖ്യാപിച്ചിരുന്നു. പരസ്യമായി അപമാനിച്ചതിന് തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യമാണ് അഭിഭാഷക അസോസിയേഷൻ ഉയർത്തിയിരുന്നത്. എന്നാൽ തങ്ങളുടെ അറിവില്ലാതെയാണ് ചർച്ച നടന്നതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പറഞ്ഞു
ചേംബറിൽ വെച്ച് മാപ്പ് പറയാമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അറിയിച്ചെങ്കിലും അഭിഭാഷക അസോസിയേഷൻ ഇത് അംഗീകരിച്ചിരുന്നില്ല. ജഡ്ജി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.