ഇസ്രയേലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയും മരിച്ചു
വയനാട്: ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തപ്പെട്ട വയനാട് സ്വദേശിയായ ജിനേഷിന്റെ ഭാര്യ രേഷ്മ (34) വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു.
വയനാട് കോളേരി സ്വദേശിനിയായ രേഷ്മ, ഭർത്താവിന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾക്ക് ആരാധ്യ (തംബുരു) എന്ന ഒരു മകളുണ്ട്.
ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ് പി. സുകുമാരൻ (38) അഞ്ച് മാസം മുൻപാണ് ഇസ്രയേലിൽ മരണപ്പെട്ടത്.
ഇസ്രയേലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയും മരിച്ചു
ജറുസലേമിനു സമീപമുള്ള മേവസേരേട്ട് സിയോൻ എന്ന സ്ഥലത്ത്, ജോലി ചെയ്തിരുന്ന വീട്ടിൽ ജിനേഷിനെയും 80 വയസ്സുള്ള വയോധികയായ വീട്ടുടമയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന കെയർഗിവറായാണ് ജിനേഷ് ഇസ്രയേലിൽ ജോലി ചെയ്തിരുന്നത്.
വീട്ടുടമയുടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് വയോധികയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ജിനേഷും വയോധികയും എങ്ങനെ മരണപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
ഇവർ ആരുടെയെങ്കിലും ആക്രമണത്തിന് ഇരയായതാണോ, അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ ഇസ്രയേൽ അധികാരികൾ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഈ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി രേഷ്മ നിരന്തരം ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഭർത്താവിന്റെ മരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും നീണ്ടുനിന്ന മാനസിക സമ്മർദ്ദവുമാണ് രേഷ്മയെ ആഴത്തിൽ ബാധിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വയനാട്ടിൽ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന ജിനേഷ് പിന്നീട് വിദേശത്ത് ജോലി തേടിയാണ് ഇസ്രയേലിലേക്ക് പോയത്.
ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്..









