തൃശൂർ: ചോർച്ചയുള്ള വീട്ടിൽ താമസിക്കുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും പുതിയ വീടുവയ്ക്കണം.
ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് സമർപ്പിച്ച് ശ്രദ്ധനേടിയ ജസ്‌ന സലീമിൻ്റെ ഇപ്പോഴത്തെ ലക്ഷ്യമാണ് ഇത്.
ആയിരത്തോളം വെണ്ണക്കണ്ണന്മാരെ വരച്ച ജസ്‌നയെ സഹായിക്കാൻ പലരും മുന്നോട്ടുവന്നെങ്കിലും ഒന്നും സൗജന്യമായി വേണ്ടെന്നാണ് തീരുമാനം.കണ്ണന്റെ ചിത്രം വിറ്റുകിട്ടുന്ന പണം കൊണ്ടാവണം അതെന്നാണ് മോഹം.
കുട്ടിയായിരിക്കെ വല്യുമ്മ ചെറിയപാത്തുവും മാതാപിതാക്കളും വാത്സല്യത്തോടെ കണ്ണാ എന്നാണ് വിളിച്ചിരുന്നത്. 24-ാം വയസിൽ സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽ കണ്ട വെണ്ണക്കണ്ണനെ വരച്ചാണ് തുടക്കം.
ചിത്രരചനയുടെ ബാലപാഠം പോലും പഠിച്ചിരുന്നില്ല. ദുബായിലുള്ള ഭർത്താവ് സലീമിന്റെ പിന്തുണയുണ്ട് എല്ലാറ്റിനും. മക്കൾ: ലെൻഷാനയും ലെനിഷ്‌കയും വിദ്യാർത്ഥികൾ.
വര ഇങ്ങനെഅക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് കൊണ്ടാണ് വര.
ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. കഴിഞ്ഞവർഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങൾ ഒരുമിച്ച് ഗുരുവായൂരിൽ സമർപ്പിച്ചിരുന്നു.
മുപ്പത്തൊന്നുകാരിയായ കൊയിലാണ്ടി കുറുവങ്ങാട് പുളീരിക്കുന്നത്ത് വീട്ടിൽ ജസ്‌ന കൂടുതൽ വെണ്ണക്കണ്ണന്മാരെ വരയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ. 2,500 മുതൽ 20,000 രൂപ വരെ വിലയുള്ള ചിത്രങ്ങളുണ്ട്. ഫ്രെയിമിടുന്നതും ജസ്‌ന തന്നെ.
കണ്ണന്റെ ചിത്രം വരയ്ക്കുന്നതിനാൽ സമുദായത്തിലെ പലരിൽ നിന്നും ഉപ്പ മജീദിനും ഉമ്മ സോഫിയയ്ക്കും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. 10 ലക്ഷമെങ്കിലും വേണം വീടുവയ്ക്കാൻ.
താമരശ്ശേരിയിൽ സ്ഥലമുണ്ട്. 15 കൊല്ലം മുമ്പ് മുൻവശത്ത് കുറച്ചുഭാഗം ടെറസാക്കിയിരുന്നു. ഓടിട്ട ഭാഗത്താണ് ചോർച്ച. ഡ്രൈവറായിരുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്.