സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ആർഎസ്എസ് മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ എഴുതിയ ‘മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി’ എന്ന ലേഖനത്തിലാണ് പിണറായിയുടെ നിലപാടിനെ ശരിവെച്ചത്.Janmabhoomi newspaper said everything the Chief Minister said was true
‘പത്തണേന്റെ കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍’. വിഭജനകാലത്ത് കോഴിക്കോട്ടങ്ങാടിയില്‍ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്.
പാകിസ്ഥാന്‍ ലഭിച്ചെങ്കിലും അതിന്റെ ഭാഗമായില്ല കോഴിക്കോടും പരിസരവും. ആ കൊതി തീര്‍ക്കുകയായിരുന്നു മലപ്പുറം ജില്ലയിലൂടെ. സമാനമായ മുദ്രാവാക്യമുയര്‍ത്തി ജില്ല നേടുമ്പോള്‍ അതുയര്‍ത്തുന്ന അപകടം ഉയര്‍ത്തിക്കാട്ടി സമരം നടത്താന്‍ ആളുണ്ടായിരുന്നു.
ആ സമരത്തെ എതിര്‍ത്ത് ജില്ല കൊടുത്ത നമ്പൂതിരിപ്പാട് പോലും പ്രതീക്ഷിക്കാത്ത അപകടത്തിലേക്കാണ് പിണറായി വിരല്‍ ചൂണ്ടിയാത്. സ്വര്‍ണ കള്ളക്കടത്തിന്റെ പറുദീസയായി ഇന്ന് മലപ്പുറം മാറിയിരിക്കുന്നു.
രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രവും മലപ്പുറം തന്നെ. ഓര്‍ക്കാപ്പുറത്ത് പറഞ്ഞ ഈ പരിഭവം ഇന്ന് വേട്ടയാടുകയാണ്. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതറിഞ്ഞിട്ടും എന്തേ തന്നെ അറിയിച്ചില്ലാ എന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, ചോദ്യങ്ങളെല്ലാം ചിരിച്ചുതള്ളി. പത്രവും ഒരു വിശദീകരണം നല്‍കി. അതിനിടെ പി.വി. അന്‍വറിന്റെ പ്രസ്താവനയും ചര്‍ച്ചയായി.
പോലീസിന്റെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതിയില്‍ മുഖ്യമന്ത്രി പറഞ്ഞത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ എഴുതിനല്‍കിയ കഥയാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ.
പോലീസ് തന്റെ പിന്നാലെയാണെന്നും ഇവിടെനിന്നുപോലും പോലീസ് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്ക് വരെ പോലീസുകാര്‍ തന്റെ വീടിന് സമീപത്ത് വന്നതായും എം.എല്‍.എ. വെളിപ്പെടുത്തി.
അന്‍വറിനെതിരെ പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും യുദ്ധത്തിനിറങ്ങിയിരിക്കുന്നു. ”പി.വി.അന്‍വറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി.അന്‍വര്‍ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല.
അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ്. ഇക്കാര്യത്തില്‍ ഇതുവരെയുള്ള അയാളുടെ നിലപാടുകളില് നിന്നും പ്രസ്താവനകളില്‍ നിന്നും വര്‍ഗശത്രുക്കള്‍ക്ക് വേണ്ടിയാണ് അന്‍വര്‍ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്, എന്നാണ് മന്ത്രി സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ല, എന്നും പറയുന്നു സജി ചെറിയാന്‍.
കുലുങ്ങാത്തത് ആരെന്നു വ്യക്തമായി പറയുന്നില്ല മന്ത്രി. കുലുങ്ങാത്തത് പിണറായി തന്നെ ആയിരിക്കണമല്ലോ…എന്തായാലും കുലുങ്ങിത്തുടങ്ങിയിട്ടുണ്ട്, ബ്രണ്ണന്‍ കോളജിലെ ആ പഴയ വീരശൂര പരാക്രമിക്ക്…ആ ചിരി വീണ്ടും മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്….ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാനില്ലാതെ വരുമ്പോഴുള്ള ആ പിണറായിച്ചിരി…എന്നാണ് ജന്മഭൂമി ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
മലപ്പുറത്ത് നടക്കുന്ന സ്വർണക്കള്ളക്കടത്തും ഹവാല ഇടപാടുകളുമെല്ലാം ദേശവിരുദ്ധ പരിപാടികൾക്കായി വിനിയോഗിക്കുന്നുവെന്ന സംഘപരിവാർ – ബിജെപി സംഘടനകളുടെ ആക്ഷേപം ശരിവെക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത്.
2019 ഒക്ടോബറിൽ കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ലഘുലേഖകളുമായി രണ്ട് എസ്എഫ്ഐ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പിണറായിയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ജന്മഭൂമി ലേഖനമെഴുതിയിരുന്നു. സിപിഎമ്മിലെ ഒരുപറ്റം നേതാക്കളും സിപിഐ നേതൃത്വവും പ്രതിപക്ഷവും വിദ്യാർത്ഥികളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചിരുന്നു. ആ ഘട്ടത്തിൽ ബിജെപിയും അവരുടെ പത്രവും പിണറായി വിജയന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്ന ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്നായിരുന്നു ജന്മഭൂമിയുടെ തലക്കെട്ട്.
ബിജെപിയുടെ ന്യൂനപക്ഷ- മാവോയിസ്റ്റ് നിലപാടുകളുമായി മുഖ്യമന്ത്രിയും സിപിഎമ്മും ഒത്തു പോകുന്നു എന്ന് ആക്ഷേപം നിലനിൽക്കുമ്പോഴാണ് സംഘപരിവാർ പത്രത്തിൽ പിണറായിയെ പുകഴ്ത്തി തുടരെത്തുടരെ ലേഖനങ്ങൾ വരുന്നത്. ആർഎസ്എസ് പത്രത്തിലെ പിണറായി സ്തുതി നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. പോലീസിൽ ആർഎസ്എസ് ശാഖകളുണ്ടെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ അഭിനന്ദനക്കുറിപ്പുകൾ. പിണറായിയുടെ നിലപാടുകൾ ബിജെപിയുടെ നിലപാടുകളാണെന്ന അൻവറിൻ്റേയും പ്രതിപക്ഷത്തിൻ്റേയും ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ നിയമസഭയിൽ ഭരണപക്ഷം ഏറെ വിയർക്കേണ്ടി വരും