തിരുവനന്തപുരം: തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ പുതിയ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്കു അനുയോജ്യമല്ലെന്ന് യാത്രക്കാർ. മുൻപു ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്, ഹാൻഡ് റെസ്റ്റ് എന്നിവ പുതിയ കോച്ചുകളിലില്ല. പഴയ ട്രെയിനിലെ പോലെ സീറ്റുകൾ പുഷ്ബാക് അല്ലാത്തതിനാൽ പിന്നിലേക്ക് നീക്കാനും കഴിയുന്നില്ലെന്നുമാണ് യാത്രക്കാരുടെ പരാതി.(Jan Shatabdi Passengers Decry Uncomfortable New Coaches on Long Routes)
എന്നാൽ ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല. കാലപ്പഴക്കം വന്നിട്ടുള്ളത് മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണു നൽകുന്നത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇതേ കോച്ചുകളാണു നൽകുന്നതെന്നുമാണ് അധികൃതർ പ്രതികരിച്ചു. ഡിസൈനിൽ മാറ്റം വരണമെങ്കിൽ പ്രത്യേക ജനശതാബ്ദി കോച്ചുകൾ നിർമിക്കാൻ റെയിൽവേ ബോർഡ് കോച്ച് ഫാക്ടറികൾക്കു നിർദേശം നൽകണം.
കോച്ചുകളുടെ ഉൽപാദനം സംബന്ധിച്ച വാർഷിക പ്ലാൻ തയാറാക്കുന്നതു റെയിൽവേ ബോർഡാണ്. ഏതാനും വർഷങ്ങളായി കോച്ച് ഫാക്ടറികൾ വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ മെമുവിന് ഉൾപ്പെടെയുള്ള കോച്ചുകളുടെ നിർമാണം കുറയുകയും ചെയ്തു.