വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനിടെ ആര്‍. അശ്വിനെതിരെ പരാതിയുമായി ഇംഗ്ലണ്ട് വെറ്ററൻ പേസ ജെയിംസ് ആൻഡേഴ്സന്‍. ഇന്ന് ബാറ്റിംഗ് തുടരുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആൻഡേഴ്സൻ പന്തെറിയുന്നതിനിടെ നോൺ സ്ട്രൈക്കറായിരുന്ന ആർ. അശ്വിൻ വെറുതെ കൈ ഉയർത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതോടെ ബൗളിംഗ് കഴിഞ്ഞു മടങ്ങുമ്പോൾ അശ്വിനെതിരെ അമ്പയറോട് താരം പരാതി പറയുകയായിരുന്നു.
എന്നാൽ ജഴ്സി ശരിയാക്കാനെന്ന രീതിയിലാണ് ആൻഡേഴ്സന്റെ ബോളിങ്ങിനിടെ അശ്വിൻ കൈ ഉയർത്തിയത്. പന്തെറിയാൻ മടങ്ങുമ്പോൾ അശ്വിനെ ആൻഡേഴ്സൻ തുറിച്ചുനോക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് അംപയർ അശ്വിനുമായി സംസാരിച്ച ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു. മത്സരത്തിൽ ആൻഡേഴ്സന്റെ പന്തിൽ തന്നെ അശ്വിൻ പുറത്താകുകയും ചെയ്തു. 37 പന്തുകൾ നേരിട്ട താരം 20 റൺസെടുത്താണു മടങ്ങിയത്.
ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്സ് ക്യാച്ചെടുത്തു അശ്വിനെ പുറത്താക്കുകയായിരുന്നു. 25 ഓവറുകൾ പന്തെറിഞ്ഞ ജെയിംസ് ആൻഡേഴ്സൻ 47 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണു മത്സരത്തിൽ എറിഞ്ഞു വീഴ്ത്തിയത്.
Read Also: കാൽ മുറിച്ചുമാറ്റേണ്ടി വരുമോയെന്ന് ആശങ്കപ്പെട്ടു; ജീവിതം അവസാനിച്ചുവെന്നു തോന്നിയതായി ഋഷഭ് പന്ത്