കനത്ത മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. വിവിധ ഭാഗങ്ങളിൽ വെള്ളം അടിച്ചു കയറി. പല വീടുകളിലും കടകളിലും വെള്ളം കയറി. സൗത്ത് കളമശേരിലെ താഴ്ന്ന ഭാഗങ്ങലും വെള്ളത്തിന്റെ അടിയിലാണ്. കഴിഞ്ഞ ദിവസം മേഘവിസ്‌ഫോടനം ഉണ്ടായെന്ന റിപ്പോർട്ടുകളുള്ള സൗത്ത് കളമശേരിയിൽ ഇന്നും അതിശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചത്തെ മഴയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് വീണ്ടും മഴയെത്തിയത്.
സൗത്ത് കളമശേരി, കാക്കനാട്, എച്ച്എംടി, വൈറ്റില, ഇടപ്പള്ളി, കൊച്ചി മൂലേപ്പാടം, കൂനംതൈ, തമ്മനം, കതൃക്കടവ്, പാലാരിവട്ടം, കുസാറ്റ്, ചങ്ങമ്പുഴപാർക്ക്, പൊട്ടച്ചാൽ റോഡ്, തൃക്കാക്കര എന്നിവടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇൻഫോ പാർക്കിൽ ഇന്നും വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരെത്തി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഡിങ്കി ബോട്ടുകളിൽ എത്തിയാണ് ആളുകളെ വീടുകളിൽ നിന്ന് മാറ്റിയത്.
വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മണിക്കൂറുകളോളം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. അതേസമയം ശക്തമായ മഴ തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (30-05-2024) ഇവിടെ യെല്ലോ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയുള്ളത്.
Read More: സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തി; റോഡിലേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Read More: അതിതീവ്രമഴ: സംസ്ഥാനതല അങ്കണവാടി പ്രവേശനോത്സവം മാറ്റിവച്ചു