റഫ: ഇസ്രയേൽ പൗരൻമാരായ മൂന്നു ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രായേൽ സൈന്യം. എതിരാളികളാണെന്ന് കരുതിയ ബന്ദികളെയാണ് വെള്ളിയാഴ്ച ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
‘ഷെജയ്യയിലെ പോരാട്ടത്തിനിടെ, മൂന്ന് ഇസ്രായേലി ബന്ദികളെ ഇസ്രയേലി ഡിഫൻസ് ഫോഴ്സ് എതിരാളികളായി തെറ്റിദ്ധരിച്ചു. തുടർന്ന് സൈന്യം അവർക്ക് നേരെ വെടിയുതിർക്കുകയും അവർ കൊല്ലപ്പെടുകയും ചെയ്തു,’ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പരിശോധന നടത്തിയെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഗാസയിൽ യുദ്ധരംഗത്തുള്ള സൈനീകർക്ക് നൽകിയെന്നും സൈന്യം വ്യക്തമാക്കുന്നുണ്ട്. ദാരുണമായ സംഭവത്തിൽ അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുന്നതായും സൈന്യം പറഞ്ഞു.
ഒക്‌ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിനിടെ പിടികൂടിയ യോതം ഹെയിം (28), സമർ ഫവാദ് തലൽക (22), അലോം ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി അറിയിച്ചു.
Read Also:കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സ് വേദിയും മാറ്റി; രണ്ടുവേദികൾ പരിഗണനയിൽ