ലോകത്തിലെ മുഴുവൻ ക്രൈസ്തവർക്കും ഭീഷണി സന്ദേശവുമായി മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. മൊസാംബിക്കിലെ കമ്പോ ഡെലിഗേഡോയിൽ ഒരു ബസ്സിന് നേരെ ഭീകരാക്രമണം നടത്തിയായതിനു ശേഷം വിതരണം ചെയ്ത, ഇസ്ലാമിക സ്റ്റേറ്റ് ആശയങ്ങളടങ്ങിയ ലഘു ലേഖയിലാണ് ക്രിസ്ത്യാനികൾക്കെതിരെ ഭീഷണി മുന്നറിയിപ്പ്. ലോകത്തെ എല്ലാ ക്രൈസ്തവരോടും ഞങ്ങൾ മൂന്നു കാര്യങ്ങൾക്കായി യുദ്ധം പ്രഖ്യാപിക്കുന്നുവെന്നാണ് ലഘുലേഖയിലുള്ളത്. ”ഒന്നുകിൽ മുസ്ലിമായി ജീവിക്കുക, അല്ലെങ്കിൽ ഖുർആൻ നിർദേശിക്കുന്ന നികുതിയായ ജിസിയ കൊടുത്തു ജീവിക്കുക. ഇത് നൽകിയില്ലയെങ്കിൽ ലോകാവസാനം വരെ ഞങ്ങൾക്ക് നിങ്ങളോട് യുദ്ധം ചെയ്യേണ്ടിവരും. ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളോടും ഞങ്ങൾ സമാധാനം പ്രഖ്യാപിക്കുന്നു. നമുക്കൊരുമിച്ച് അല്ലാഹുവിന്റെ മതത്തെ സംരക്ഷിക്കാൻ പ്രവർത്തിക്കാം”. ഇങ്ങനെയാണ് കുറിപ്പ്. ഇംഗ്ലീഷിലും പോർചുഹീസ് ഭാഷയിലുമാണ് കുറിപ്പ്.
ഫെബ്രുവരി ഒമ്പതിനും പതിനൊന്നിനും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഭീകരർ ഡെൽഗാഡോ പ്രവിശ്യയിലെ ഹൈവേയിൽ ബസ് ആക്രമിച്ച് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാൻകോരയ്ക്കു സമീപം ബസ് തടഞ്ഞു നിർത്തി യാത്രക്കരെ കൊള്ളയടിച്ച സംഭവവും ഉണ്ടായിരുന്നു. ISMP എന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന, ഗ്രാമവാസികളോട് ക്രിസ്ത്യാനികളെയും യഹൂദരെയും മുസ്ലീമിലേക്ക് പരിവർത്തനം ചെയ്യാനും മുസ്ലിങ്ങളോട് ശരിയത്തും ജിഹാദും പിന്തുടരാനും ആവശ്യപ്പെട്ടിരുന്നു.ക്രിസ്ത്യാനികളോടും യഹൂദരോടും സഹകരിക്കുന്നവർക്കെതിരെ സംഘടന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.