കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചാമ്പ്യന്മാരായി മോഹൻ ബഗാൻ. ഫൈനൽ പോരാട്ടത്തിൽ ബെംഗളൂരുവിനെ കീഴടക്കിയാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം.
കളിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു തുടർന്നിരുന്നത്. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബെംഗളൂരുവിനെ തോല്പിക്കുകയായിരുന്നു.
ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കിരീടവും മോഹൻ ബഗാൻ സ്വന്തമാക്കി. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കിരീടവും ഒരുമിച്ചു നേടുന്നത്.
ഐഎസ്എൽ ചരിത്രത്തിൽ മോഹൻ ബഗാന്റെ രണ്ടാം കിരീടമാണ് ഇത്. മുൻപ് എടികെ മോഹൻബഗാൻ എന്നപേരിൽ ടീം കിരീടം നേടിയിട്ടുണ്ട്. കൂടാതെ കൊൽക്കത്ത ടീമിന്റെ മുൻ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയർത്തിയിട്ടുണ്ട്.
ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ബംഗളൂരു എഫ്‌സി ലീഡ് നേടിയത്. എന്നാൽ 72-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മോഹൻ ബഗാൻ സമനില ഗോൾ നേടി തിരിച്ചുവന്നു. കമ്മിംഗ്സ് ആണ് വല കുലുക്കിയത്.
എക്സ്ട്രാ ടൈം തുടങ്ങി ആറാം മിനിറ്റിൽ (96-ാം മിനിറ്റ്) മക്ലാരനിലൂടെ മോഹൻ ബഗാൻ ലീഡ് നേടി. ഇതോടെയാണ് മോഹൻ ബഗാൻ വിജയം ഉറപ്പിച്ചത്.